ശിരോവസ്ത്ര നിരോധനം മതസ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനും നേരെയുള്ള വെല്ലുവിളി -തനിമ സാംസ്കാരിക വേദി
text_fieldsദമ്മാം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂനിഫോമിന്റെ മറവിൽ കർണാടക സർക്കർ നടപ്പാക്കിയ ശിരോവസ്ത്ര നിരോധനം കർണാടക ഹൈകോടതി ശരിവെച്ച നടപടി ഭരണഘടന അനുവദിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനുമെതിരെയുള്ള വെല്ലുവിളിയാണെന്ന് തനിമ സാംസ്കാരിക വേദി കേന്ദ്ര സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
സർക്കാറും കോടതിയും മതഗ്രന്ഥങ്ങളും മതനിയമങ്ങളും വ്യാഖ്യാനിക്കുന്ന പ്രവണത ഇന്ത്യയുടെ മതേതര സ്വഭാവത്തെ തന്നെ തകർക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. മനുഷ്യജീവിതത്തിന്റെ മുഴുവൻ മേഖലകളിലും അടിസ്ഥാന നിയമ നിർദേശങ്ങൾ നൽകുന്ന ഇസ്ലാം വിശ്വാസികളുടെ വസ്ത്രധാരണത്തിലും കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്. ഹിജാബ് അതിന്റെ ഭാഗമാണ്. കോടതി അത് പരിഗണിക്കാതിരിക്കുകയും ഭരണകൂടത്തിന്റെ നിലപാടിനെ ശരിവെക്കുകയുമാണ് ചെയ്തത്.
പൗരന്റെ അവസാനത്തെ അത്താണിയായ കോടതിയിൽ നിന്ന് നീതി ലഭിക്കുന്നില്ലെന്ന തോന്നൽ ഉണ്ടാകുന്നത് സമൂഹത്തിൽ അരക്ഷിതാവസ്ഥ വളർത്തുകയാണ് ചെയ്യുക. സംഘ്പരിവാർ ശക്തികളുടെ വർഗീയ അജണ്ടക്ക് ശക്തി പകരുന്ന ഈ വിധിക്കെതിരെ പരമോന്നത നീതിപീഠത്തിൽ നിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷയോടെ ബന്ധപ്പെട്ട കക്ഷികൾ തുടരുന്ന നിയമനടപടികളെ പിന്തുണക്കുന്നതായും തനിമ സാംസ്കാരിക വേദി കേന്ദ്ര സെക്രട്ടേറിയറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.