'ശിരോവസ്ത്ര നിരോധനം അവകാശനിഷേധം'
text_fieldsദമ്മാം: ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ല എന്നു വിധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബണിയുന്നത് നിരോധിച്ച ഹൈകോടതി വിധി ഇന്ത്യന്‍ ഭരണഘടന വ്യക്തികള്‍ക്കു നല്കുന്ന മൗലികാവകാശങ്ങളുടെ നിഷേധമാണെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി കിഴക്കന്‍ മേഖല പ്രവര്‍ത്തക സമിതി പ്രസ്താവിച്ചു.
മുസ്ലിം സമൂഹം അവരുടെ വിശ്വാസങ്ങളും ജീവിതരീതികളും ചിട്ടപ്പെടുത്തി ആചരിച്ചുവരുന്നത് ഖുര്‍ആനിനെയും പ്രവാചക സമ്പ്രദായങ്ങളെയും അടിസ്ഥാനമാക്കിയാണ്. പ്രസ്തുത പ്രമാണങ്ങള്‍ വ്യക്തമായി പഠിപ്പിച്ച കല്പനയാണ് സ്ത്രീകളുടെ ശിരോവസ്ത്ര ധാരണം. ഹിജാബ് മതാചാരമായതിനാല്‍ സ്കൂളുകളില്‍ അനുവദിക്കാനാകില്ലെന്ന് കര്‍ണാടക സർക്കാർ വാദിക്കുമ്പോള്‍, മതത്തിലെ അനിവാര്യ ആചാരമല്ല ഹിജാബ് എന്ന് വിധിച്ചാണ് കോടതി ശിരോവസ്ത്ര ധാരണത്തെ നിരോധിച്ചത്. രാജ്യത്തിന്റെ ഭരണഘടന പൗരനു നല്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും പരിരക്ഷ നല്‍കുകയാണ് നീതിപീഠങ്ങള്‍ ചെയ്യേണ്ടത്. അതിനു വിരുദ്ധമായ കോടതികളുടെ ഇടപെടലുകള്‍ നീതിപീഠങ്ങളില്‍ പ്രതീക്ഷവെക്കുന്ന മതേതര സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കും.
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷനല്‍ കമ്മിറ്റി പ്രഖ്യാപിച്ച മേഖല കണ്‍വെന്‍ഷനുകളുടെ ഈസ്റ്റേണ്‍ പ്രോവിന്‍സ് ഇസ്ലാഹി സംഗമം മാര്‍ച്ച് 25ന് ദമ്മാം ഖുമൈസ് ഇസ്തിറാഹയില് നടക്കും. രാവിലത്തെ സെഷനില്‍ പ്രവര്‍ത്തക സംഗമവും ഉച്ചക്കുശേഷം പൊതുസമ്മേളനവുമായിരിക്കും നടക്കുക. 'വ്യക്തി, വിശുദ്ധി, പ്രബോധനം' എന്നതാണ് സംഗമത്തിന്റെ പ്രമേയം.
സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇ.ടി. അബ്ദുസ്സമദ് അല്‍കോബാര്‍ ചെയര്മാൻ, എ.കെ. നവാസ്, അക്റബിയ ജനറൽ കണ്‍വീനർ, പ്രോഗ്രാം കൺവീനർമാരായി അയൂബ് സുല്ലമി, ജുബൈൽ, സക്കരിയ്യ ദമ്മാം, മറ്റു കൺവീനർമാരായി കെ.പി. അബ്ദുൽ സമദ് ദമ്മാം, അബ്ദുൽ റഹിമാൻ ദമ്മാം, ബാപ്പുട്ടി വാഴക്കാട്, ഖോബാർ, ഷൗക്കത്ത് അലി ഖോബാർ, റാഷി ഖോബാർ, ലബീബ് ദമ്മാം, അബീറ സ്വലാഹിയ്യ, ജുബൈൽ തുടങ്ങിയവരുടെ സ്വാഗതസംഘം നിലവില്‍വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.