ഹിജാബ്: കോടതി വിധി ഭരണഘടനാ സ്വാതന്ത്ര്യം ഹനിക്കുന്നത് -സൗദി ഐ.എം.സി.സി
text_fieldsജിദ്ദ: ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതിയിൽ നിന്നുണ്ടായ വിധി രാജ്യത്ത് നിലനിൽക്കുന്ന മതേതര കാഴ്ചപ്പാടിനും അതിലുപരി ഭരണഘടന അനുവദിച്ച മതവിശ്വാസ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് ഐ.എം.സി.സി സൗദി കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ഇസ്ലാമിക വിശ്വാസപ്രകാരം നിർബന്ധമായും അനുഷ്ടിക്കേണ്ട ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും വികലമായി നിരീക്ഷണം നടത്തി ഹിജാബിനെതിരെ പുറപ്പെടുവിച്ച വിധി ഇന്ത്യൻ ഭരണഘടനാ നൽകുന്ന മതസ്വാതന്ത്ര്യത്തെ നിരാകരിക്കുകയാണ്. ഹിജാബ് സംസ്കാരം ഇന്നേവരെ ഒരു കലാലയത്തിലും യാതൊരു വിധ തർക്കങ്ങൾക്കും വഴിവെച്ചില്ലെന്നിരിക്കെ പെട്ടെന്നൊരു നിരോധനം കൊണ്ട് വന്നതിനു പിന്നിൽ സംഘ് പരിവാരങ്ങളുടെ രാജ്യത്തെ സമാധാനം തകർക്കുക എന്ന ലക്ഷ്യമാണ്.
നീതി പ്രതീക്ഷിക്കുന്ന കോടതി മുറികളിലും സംഘ് പരിവാറിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതാണ് ഇപ്പോൾ വന്നിട്ടുള്ള വിധിയും തൊട്ടു മുമ്പ് വന്ന 'കോടതി വിധി വരുന്നതു വരെ ഹിജാബിനുള്ള വിലക്ക് തുടരും' എന്ന വിചിത്രമായ വിധിയും. മതവിശ്വാസങ്ങൾക്കെതിരെയുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കോടതിയിൽ പ്രതീക്ഷയർപ്പിക്കുന്ന മതേതര സമൂഹത്തിനു വലിയ പ്രയാസമുണ്ടാക്കുന്നതാണ് ഹിജാബ് വിഷയത്തിലെ കർണാടക ഹൈകോടതി വിധിയെന്നും സൗദി ഐ.എം.സി.സി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.