ഹിജാബ് മുസ്‌ലിം പെൺകുട്ടികളുടെ അവകാശം -ജിദ്ദ തലശ്ശേരി ധർമടം മണ്ഡലം കെ.എം.സി.സി
text_fieldsജിദ്ദ: ഹിജാബ് ധരിക്കുന്നത് തടഞ്ഞ കർണാടക ഹൈകോടതി വിധിയിൽ ജിദ്ദ തലശ്ശേരി ധർമടം മണ്ഡലം കെ.എം.സി.സി പ്രതിഷേധം രേഖപ്പെടുത്തി. ശിരോവസ്ത്രം ധരിക്കാൻ മുസ്‌ലിം പെൺകുട്ടികൾക്ക് അവകാശമുണ്ടെന്നും ഇതിനെതിരെയുള്ള കോടതി വിധി ദൗർഭാഗ്യകരമാണെന്നും തലശ്ശേരി ധർമടം മണ്ഡലം കെ.എം.സി.സി ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു.
ഭരണഘടന പ്രകാരം ഓരോരുത്തർക്കും അവരവർക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ സ്വാതന്ത്ര്യം ഉണ്ട്. ഇസ്‌ലാമിക വിശ്വാസപ്രകാരമുള്ള വസ്ത്രരീതിയാണ് ഹിജാബ്. മുസ്‌ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, മുസ്‌ലിം മതനിയമം പഠിക്കാതെയുള്ള കോടതി വിധി ആരെയോ സന്തോഷിപ്പിക്കാൻ വേണ്ടിയുള്ളതാണ്.
വിദ്യാലയങ്ങളിൽപോലും വർഗീയത കൊണ്ടുവരാനുള്ള സംഘ്പരിവാർ ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ നാട്ടിൽ നടക്കുന്ന ഹിജാബ് വിഷയം. ഇന്ത്യയിൽ വിവിധ മതസ്ഥർ അവരവരുടെ ആചാരങ്ങൾ അനുസരിച്ചു ജീവിക്കുന്നു. എന്നാൽ, ഹിജാബ് വിവാദം ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ എതിർക്കാനും അവരെ നശിപ്പിക്കാനുമുള്ള സംഘ്പരിവാറിന്റെ അജണ്ടയാണ്.
ഇത് മുസ്‌ലിം സമുദായം തിരിച്ചറിയുകയും ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുകയും വേണമെന്നും ജിദ്ദ തലശ്ശേരി ധർമടം മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് നൗഷാദ് ബെക്കോടൻ, ജനറൽ സെക്രട്ടറി നശ്‌രിഫ് മാഹി, ട്രഷറർ സലാം പാറമ്മൽ എന്നിവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.