നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്തതിന് ചരിത്രം മാപ്പു നൽകില്ല –ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsജിദ്ദ: ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യവും സമത്വവും വിഭാവനം ചെയ്യുന്ന ഭരണഘടനയിലധിഷ്ഠിതമായ ഇന്ത്യയിൽ പൗരത്വവും ആരാധന സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിക്കുന്ന നടപടികൾ ഭരണകൂടത്തിെൻറ ഒത്താശയോടെ നടപ്പാക്കാനാണ് ഫാഷിസ്റ്റുകൾ മുതിരുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ബാബരി അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സൈദ് ഷാദ് ഹുസൈൻ ഇൻഡോർ മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിംകളെയും ദലിതരെയും സ്ത്രീകളെയുമടക്കം പ്രായഭേദമന്യേ ക്രൂരമായി മർദിക്കുന്നതിെൻറ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് സായൂജ്യമടയാൻ സംഘ്പരിവാർ ഫാഷിസ്റ്റുകൾക്ക് പ്രത്യേക താൽപര്യമാണെന്നും സൈദ് ഷാദ് ഹുസൈൻ പറഞ്ഞു. 'ഇന്ത്യ ചരിത്രവും ന്യൂനപക്ഷങ്ങളും' വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഗനി സംസാരിച്ചു.
രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ആളുകളെ ചരിത്രത്തിൽനിന്നും നീക്കം ചെയ്ത് സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരെയും ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്തവരെയും വീരപുരുഷന്മാരാക്കുന്ന പാഠ്യപദ്ധതികൾ നിർമിക്കാനാണ് ഭരണകൂട പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഫഹീം അഹമ്മദ് അസംഗഡ് ബാബരി അനുസ്മരണ കവിത അവതരിപ്പിച്ചു. മുജാഹിദ് പാഷ ബാംഗ്ലൂർ ഉപസംഹാര പ്രസംഗം നടത്തി. മുഹമ്മദ് അഹമ്മദ് ലഖ്നൗ അധ്യക്ഷനായിരുന്നു. അബ്ദുൽ മത്തീൻ ബാംഗ്ലൂർ സ്വാഗതവും ആലിക്കോയ ചാലിയം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.