അവധിയാഘോഷം; ഈജിപ്ത് തിരഞ്ഞെടുക്കുന്ന സൗദി പ്രവാസികളുടെ എണ്ണം വർധിക്കുന്നു
text_fieldsയാംബു: അവധിക്കാലം ചെലവഴിക്കാൻ സൗദിയിൽനിന്ന് മലയാളികളടക്കമുള്ളവർ ഈജിപ്ത് തിരഞ്ഞെടുക്കുന്നത് വർധിക്കുന്നു. ഇക്കഴിഞ്ഞ സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒത്തുകിട്ടിയ അവധി ദിനങ്ങളിലും മലയാളികളടക്കമുള്ള ധാരാളം പേർ ഈജിപ്ത് സന്ദർശിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന വിദേശികളടക്കമുള്ളവർക്ക് ഈജിപ്ത് ഓൺ അറൈവൽ വിസ അനുവദിച്ചതും വിസാനടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതും ഈജിപ്ത് നഗരങ്ങളിലേക്ക് വിവിധ വിമാനക്കമ്പനികൾ കുറഞ്ഞ ചാർജിൽ സർവിസുകൾ ഒരുക്കുന്നതും ആകർഷക ഘടകമാണ്.
ഇന്ത്യക്കാർക്ക് 125 റിയാൽ മാത്രമാണ് ഈജിപ്ത് വിസക്കുള്ള ചാർജ്. സീസണല്ലാത്ത സന്ദർഭങ്ങളിൽ കുറഞ്ഞ ചെലവിൽ വിമാനയാത്ര ഒത്തുകിട്ടുന്നതും താമസവും ഭക്ഷണവുമുൾപ്പെടെ മറ്റു സൗകര്യങ്ങൾക്കും ചെലവ് കുറയുന്നതുമാണ് അതൊരു ഇഷ്ട തിരഞ്ഞെടുപ്പാക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന മറ്റു ഘടകങ്ങൾ. ചൂട് കുറഞ്ഞ് യാത്രക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കാലമാണ് ഈജിപ്ത് സന്ദർശിക്കാൻ നല്ലതെന്ന് അനുഭവസ്ഥർ പറയുന്നു.
ഒത്തുവരുന്ന അവധി ദിനങ്ങൾ ഉപയോഗപ്പെടുത്തി ഒറ്റക്കും ചെറു സംഘങ്ങളായും ട്രാവൽ ഏജൻസികളുടെ ടൂർ പാക്കേജുകളിൽ ഉൾപ്പെട്ടുമാണ് ആളുകൾ സൗദിയിൽനിന്ന് ഈജിപ്ത് യാത്ര നടത്തുന്നത്. യാംബുവിൽനിന്ന് ഇക്കഴിഞ്ഞ സൗദി ദേശീയ ദിനാവധി ഉപയോഗപ്പെടുത്തി ‘യാംബു ഫ്ലൈ ബേഡ്സ് സഞ്ചാരി ഗ്രൂപ്പി’ന്റെ നേതൃത്വത്തിൽ ഏഴു പേരടങ്ങുന്ന സംഘം ഈജിപ്ത് യാത്ര നടത്തിയിരുന്നു. അത് ഹൃദ്യമായ അനുഭവമായിരുന്നെന്ന് അവർ അഭിപ്രായപ്പെട്ടു.
ചരിത്രം ആധുനിക അത്ഭുതങ്ങളുമായി ഇഴചേർന്നിരിക്കുന്ന ഫറോവകളുടെയും പിരമിഡുകളുടെയും ചരിത്ര, സാംസ്കാരിക നിധിയുടെയും നഗരമായ ഈജിപ്ത് സന്ദർശിക്കാൻ കിട്ടുന്ന ഏത് അവസരവും പ്രയോജനപ്പെടുത്താൻ വിട്ടുപോകരുതെന്ന് അവിടെ സന്ദർശിച്ച മലയാളികൾ പറയുന്നു. ഗിസയിലെ ഭീമാകാരമായ പിരമിഡുകൾ, ലക്സറിലെ ചരിത്രപ്രദേശങ്ങൾ, ശാന്തമായ നൈൽ നദി തീരങ്ങൾ, ഈജിപ്ഷ്യൻ മ്യൂസിയം, സലാഹുദ്ദീൻ സിറ്റാഡൽ കോട്ട, കടൽത്തീര വിനോദ സഞ്ചാര കേന്ദ്രമായ ശറമുൽ ശൈഖ്, മെഡിറ്ററേനിയൻ സൗന്ദര്യവും ചരിത്രവും ഒത്തുചേരുന്ന അലക്സാൻഡ്രിയ, കൈറോ ടവർ, ഖയാത് ബേകോട്ട, ഇമാം ഹുസൈൻ മസ്ജിദ് പോലെ ചരിത്രത്തിൽ അടയാളപ്പെടുത്തിയ ആരാധനാലയങ്ങൾ, മ്യൂസിയങ്ങൾ തുടങ്ങിയവയെല്ലാം ഈജിപ്തിലെത്തുന്ന സന്ദർശകരെ ആകർഷിക്കുന്നതാണ്.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പുരാതന നഗരങ്ങളിലൊന്നാണ് തലസ്ഥാന നഗരമായ കൈറോ. 1.6 കോടിയിലധികം ജനങ്ങൾ ഈ നഗരത്തിൽ തിങ്ങിപ്പാർക്കുന്നു. ലോകത്തിലേറ്റവും ഗതാഗത തിരക്കുള്ള നഗരങ്ങളിൽ ഒന്നുകൂടിയായ കൈറോയുടെ തെരുവോരങ്ങളിൽക്കൂടി സഞ്ചരിച്ചാൽ അർധരാത്രിയിലും വഴിയോരക്കടകളിൽനിന്ന് ഭക്ഷണം കഴിക്കുന്ന ആളുകളുടെ തിരക്ക് കാണാം. തെരുവുകളിൽ സ്ത്രീകളും കുട്ടികളും ഒരുപോലെ സഞ്ചാരം നടത്തുന്നു. ഒരിക്കൽ ഈ നഗരം കണ്ടാൽ അതിലെ കാഴ്ചകൾ മനസ്സുകളിൽ നിറഞ്ഞുനിൽക്കും. നഗരത്തിലെ ഖാൻ അൽ ഖലീലി കമ്പോളങ്ങളും സന്ദർശകർക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്നു. അറബ് സംസ്കാരത്തിന്റെ നേർക്കാഴ്ചകളാണ് ഇവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.