അവധിക്കാല തിരക്ക്; സൗദി എയർലൈൻസിൽ 74 ലക്ഷത്തിലധികം സീറ്റുകൾ ലഭ്യമാക്കും
text_fieldsയാംബു: വേനൽ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് സൗദി എയർലൈൻസ് (സൗദിയ) ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 74 ലക്ഷത്തിലധികം സീറ്റുകൾ ലഭ്യമാക്കും. ആഭ്യന്തര, അന്തർദേശീയ മേഖലകളിലുള്ള യാത്രക്കാർക്ക് സീറ്റുകൾ അനുവദിക്കും. കഴിഞ്ഞ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് ഈ മാസങ്ങളിൽ ലഭ്യമായ സീറ്റുകളുടെ എണ്ണത്തിൽ 10 ശതമാനം വർധനവാണ് ‘സൗദിയ’ വരുത്തിയത്.
രണ്ട് മാസം 32,400 ലേറെ വിമാന സർവിസ് നടത്താനാണ് ഒരുക്കങ്ങൾ ചെയ്തിട്ടുള്ളത്. സർവിസുകളുടെ എണ്ണത്തിൽ നാലു ശതമാനം വർധനവാണിത് സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര മേഖലയിൽ 42 ലക്ഷത്തിലധികം സീറ്റുകൾ ലഭ്യമാകുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ സൂചിപ്പിച്ചു. അന്താരാഷ്ട്ര വിമാന സർവിസുകളുടെ സീറ്റുകളുടെ എണ്ണത്തിൽ 16 ശതമാനം വർധനവുണ്ട്.
കൂടാതെ 14,800 ലധികം അന്താരാഷ്ട്ര സർവിസ് നടത്താനും കമ്പനി തീരുമാനിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. സർവിസുകളുടെ എണ്ണത്തിൽ ഇത് 15 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര സെക്ടറിൽ 17,600 സർവിസുകളിൽ 32 ലക്ഷത്തിലേറെ സീറ്റുകൾ യാത്രക്കാർക്കായി ലഭ്യമാക്കുമെന്നും സൗദിയ അധികൃതർ അറിയിച്ചു.
യാത്രക്കാരുടെ തിരക്കുകളുള്ള സീസണുകളിൽ വിമാന സർവിസുകൾ വർധിപ്പിക്കാനും അതുവഴി യാത്രക്കാർക്ക് സുഗമമായ സേവനം ലഭ്യമാക്കാനും സൗദിയ എയർലൈൻസ് പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും കമ്പനി സി.ഇ.ഒ ക്യാപ്റ്റൻ ഇബ്രാഹീം അൽകാഷി പറഞ്ഞു.
സൗദിയ എയർലൈൻസ് വഴി യാത്ര ചെയ്യുന്ന എല്ലാ അതിഥികൾക്കും മികച്ച സേവനം നൽകാനും നല്ല യാത്രാനുഭവം പകർന്നുനൽകാനും ഉതകുന്ന രീതിയിലാണ് ഓരോ വിമാനയാത്രയും ഷെഡ്യൂൾ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.