ഉത്രാടവും പൊന്നോണവും വാരാന്ത്യ അവധിയിൽ: പ്രവാസികൾ ആഘോഷങ്ങളുടെ ആഹ്ലാദനിറവിൽ
text_fieldsദമ്മാം: ആഘോഷങ്ങളില്ലാത്ത ഒരുവർഷത്തെ ഇടവേളക്കുശേഷം അവധി ദിനങ്ങളിൽ തന്നെ വന്നെത്തിയ പൊന്നോണം ആസ്വദിക്കുകയാണ് ഗൾഫ് മലയാളികൾ. കോവിഡ് പടർന്നതോടെ ആഘോഷങ്ങളില്ലാത്ത ഒരു വർഷമാണ് കടന്നുപോയത്.
വാരാന്ത്യ അവധി ദിവസങ്ങളിൽ ഉത്രാടവും പൊന്നോണവും എത്തിയതിെൻറ ആഘോഷനിറവിൽ കൂടിയാണ് മലയാളി സമൂഹം. പഴയതുപോലെ കൂട്ടമായി ഇരുന്ന് ഓണസദ്യ ഉണ്ടും ഓണക്കളികൾ സംഘടിപ്പിച്ചും ആഘോഷിക്കാൻ സാധിക്കുന്നിടത്തോളം എത്തിയില്ലെങ്കിലും ഒട്ടും ആഘോഷമില്ലാതിരുന്ന കഴിഞ്ഞ വർഷത്തേക്കാൾ ആശ്വാസകരമാണ് ഇപ്പോഴത്തെ അവസ്ഥ. ഓണവിപണി നേരത്തേ തന്നെ സജീവമാക്കി മലയാളികളുടെ ഓണം കെങ്കേമമാക്കാൻ ഹൈപ്പർമാർക്കറ്റുകളും തയാറായതോടെ ആഘോഷത്തിന് പൊലിമ കൂടി.
ഉത്രാടപ്പാച്ചിലിെൻറ ഗൃഹാതുരമായ അനുഭവം ഓർമപ്പെടുത്തുംവിധം എല്ലാ സൂപ്പർ, ഹൈപ്പർമാർക്കറ്റുകളും ഓണത്തനിമയുടെ അടയാളങ്ങൾകൊണ്ട് കമനീയമായാണ് അലങ്കരിച്ചിരിക്കുന്നത്. നാടൻ പച്ചക്കറികളും പഴവർഗങ്ങളും പൂക്കളും ഓണക്കോടിയുമൊക്കെ കടൽ കടന്നെത്തിയെങ്കിലും ലഭ്യതക്കുറവ് ബാധിച്ചിട്ടുണ്ട്. എങ്കിലും എല്ലാ പരിമിതികളെയും മറന്ന് ഓണത്തെ ജീവിതത്തോടു ചേർത്തുനിർത്തി ആഘോഷമാക്കുകയാണ് പ്രവാസികൾ.
പലരും ഉത്രാട ദിനത്തിൽ തന്നെ സദ്യവട്ടങ്ങൾ തയാറാക്കി ഓണം ആഘോഷിച്ചു. ബാച്ലർ മുറികളിലാണ് അധികവും ഇത്തരം ആഘോഷങ്ങൾ നടന്നത്. ഒറ്റദിവസം മാത്രം അവധിയുള്ളവരാണ് ഇതിൽ അധികവും. ലെവി താങ്ങാനാവാതെ കുടുംബങ്ങളെ നാട്ടിലയക്കേണ്ടിവന്ന പലർക്കും ഇത്തവണത്തെ ഓണം ഓർമകൾ നിറഞ്ഞതാണ്. പ്രവാസികളെ സംബന്ധിച്ചിടത്തോളം മാസങ്ങൾ നീളുന്ന ആഘോഷമാണ് ഓണക്കാലം. എന്നാൽ, ഇത്തവണയും ഓണദിവസത്തെ സദ്യയിൽ ആഘോഷങ്ങൾ ഒതുങ്ങും.
ഓണസദ്യക്ക് ഇത്തവണ വിലയേറും
ദമ്മാം: കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഓണസദ്യ കൂടുതൽ ചെലവുള്ളതാകും. ഹോട്ടലുകൾ സദ്യക്ക് 40 ശതമാനത്തിലേറെ വില വർധിപ്പിച്ചിരിക്കുകയാണ്. പ്രധാനമായും ഇന്ത്യൻ പച്ചക്കറികളുടെ അഭാവമാണ് പ്രധാന കാരണമായി പറയുന്നത്.
നിത്യവും നാട്ടിൽനിന്ന് വന്നിരുന്ന പച്ചക്കറികൾ കോവിഡ് പ്രതിസന്ധിെയത്തുടർന്ന് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് എത്തുന്നത്. ഇതും ആവശ്യത്തിനുള്ള പച്ചക്കറികൾ എത്തിക്കാൻ പര്യാപ്തവുമല്ല. അതുകൊണ്ട് തന്നെ പല സാധനങ്ങൾക്കും വലിയ വില ഈടാക്കാൻ കച്ചവടക്കാർ നിർബന്ധിതരാവുകയായിരുന്നു. വാഴയിലയുടെ ദൗർലഭ്യവും മെറ്റാരു കാരണമായി. ഒരു മാസത്തിന് മുമ്പുതന്നെ വിഭവങ്ങൾ ശേഖരിക്കാൻ സാധിച്ചതു കൊണ്ടാണ് തങ്ങൾക്ക് സദ്യവട്ടത്തിനുള്ള സാധനങ്ങൾ ലഭ്യമായതെന്ന് റോയൽ മലബാർ റസ്റ്റാറൻറിെൻറ മാനേജർ ഷറഫുദ്ദീൻ കാരംതൊടി പറഞ്ഞു.
പാർസലിനുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് വില വർധിച്ചതും കഴിഞ്ഞ വർഷത്തേതിനെക്കാൾ സദ്യക്ക് വില വർധിപ്പിക്കാൻ നിർബന്ധിതരാക്കി. കഴിഞ്ഞ വർഷം 30 റിയാലിന് നൽകിയ സദ്യക്ക് ഇത്തവണ 40 റിയാലാണ് വില. പച്ചക്കറികളുടെ ലഭ്യതക്കുറവ് ഏറെ പ്രയാസം സൃഷ്ടിക്കുന്നതായി ലയാൻ െഹെപ്പർമാർക്കറ്റിലെ എച്ച്.ആർ മാനേജർ അഷ്റഫ് ആളത്ത് പറഞ്ഞു. എന്നാൽ, ലുലു ഉൾപ്പെടെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലെ വിലക്കിഴിവുകൾ മലയാളികൾക്ക് ഏറെ ആശ്വാസം പകരുന്നു. ഓണക്കോടിയുടെ വിപണിയും അത്രകണ്ട് സജീവമായില്ലെങ്കിലും ഒരു പരിധിവരെ അവർക്കും ഓണക്കാലം പിടിച്ചുനിൽക്കാനുള്ള ബലം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.