അവധിക്കാലം സൗദി വിനോദസഞ്ചാര കേന്ദ്രങ്ങളിൽ; 74 ശതമാനം സ്വദേശികളും സംതൃപ്തർ
text_fieldsജിദ്ദ: വേനൽക്കാല സീസണിൽ രാജ്യത്തുടനീളം വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അവധിക്കാലം ആഘോഷിച്ച സൗദി പൗരന്മാരിൽ 74 ശതമാനവും സംതൃപ്തരെന്ന് സർവേ. സൗദി ടൂറിസം അതോറിറ്റി (എസ്.ടി.എ) സംഘടിപ്പിച്ച സർവേയിലാണ് ഈ കണക്കുകളുള്ളത്.77 ശതമാനം വിനോദസഞ്ചാരികളും ആഭ്യന്തര ടൂറിസം പ്രചാരണത്തെ വലിയ പ്രോത്സാഹനമായി കാണുന്നു. സന്ദർശിച്ച സ്ഥലങ്ങളുടെ വൈവിധ്യത്തിൽ 73 ശതമാനം പേർ ആകർഷിക്കപ്പെട്ടു. 58 ശതമാനം പേരും ശൈത്യകാലത്തും രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവമാവണമെന്ന് ആഗ്രഹിക്കുന്നവരാണ്.
'സൗദി സമ്മർ' സീസണിെൻറ വിജയത്തെത്തുടർന്ന് 'സൗദി വിൻറർ' സീസൺ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി അഹ്മദ് അൽഖത്തീബ് പ്രഖ്യാപിച്ച സമയത്താണ് എസ്.ടി.എ സർവേ എന്നതും ശ്രദ്ധേയമാണ്. കോവിഡ് കാരണം യാത്രനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാൽ രാജ്യത്തെ ആഭ്യന്തര വിനോദസഞ്ചാരം ശക്തിപ്പെട്ടിരുന്നു.
ഭൂരിഭാഗം സ്വദേശികളും ആഭ്യന്തര വിനോദസഞ്ചാരം നന്നായി ആസ്വദിച്ചുവെന്നാണ് സർവേ ഫലം വെളിപ്പെടുത്തുന്നത്. ആകർഷകമായ ടൂറിസം പാക്കേജുകളും പരീക്ഷണങ്ങളും അവതരിപ്പിക്കുകയാണെങ്കിൽ ഇനിയും ആഭ്യന്തര വിനോദസഞ്ചാരത്തിന് ഏറെ പ്രസക്തിയുണ്ടെന്നാണ് സർവേ ഫലം തെളിയിക്കുന്നത്. അതോടൊപ്പംതന്നെ രാജ്യത്ത് ആഭ്യന്തര ടൂറിസം നേരിടുന്ന പ്രധാന പ്രശ്നങ്ങളെക്കുറിച്ച് 43 ശതമാനം പേർ പ്രതികരിച്ചിട്ടുണ്ട്.
രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും ഉപയോഗത്തിന് തയാറല്ലെന്ന് 42 ശതമാനം പേർ അഭിപ്രായപ്പെട്ടിരിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്ള സൗകര്യങ്ങൾക്കും സേവനങ്ങൾക്കും ഈടാക്കുന്ന തുക വളരെ ഉയർന്നതാണെന്ന് 22 ശതമാനം പേർക്കും അഭിപ്രായമുണ്ട്.കോവിഡ് പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സൗദി ടൂറിസം മന്ത്രാലയത്തിന് കഴിഞ്ഞതായാണ് പൊതുവിലയിരുത്തൽ.
നവംബർ പകുതി മുതൽ 2021 ഏപ്രിൽ 30 വരെ നടക്കാനിരിക്കുന്ന സൗദി വിൻറർ സീസണിൽ മക്ക, മദീന ഉൾപ്പെടെ സ്ഥലങ്ങളിൽ ആഭ്യന്തര വിനോദസഞ്ചാരം കൂടുതൽ ആകർഷണീയമാക്കുന്ന തരത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ മന്ത്രാലയത്തിനും എസ്.ടി.എക്കും പദ്ധതികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.