ഹജ്ജ് തീർത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി പുണ്യനഗരികൾ; ഒരുക്കങ്ങൾ അമീർ ഖാലിദ് അൽ ഫൈസൽ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടകരെ സ്വീകരിക്കാനുള്ള പുണ്യനഗരിയിലെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു. ഇതുവരെയുള്ള ഒരുക്കങ്ങൾ വിലയിരുത്തി മക്ക അമീർ ഖാലിദ് അൽ ഫൈസൽ ചൊവ്വാഴ്ച പ്രഖ്യാപനം നടത്തി. ഈ വർഷത്തെ ഹജ്ജിന് ആകെ 10 ലക്ഷം തീർഥാടകരാണ് എത്തുന്നത്. വിദേശത്ത് നിന്ന് എട്ടര ലക്ഷവും സ്വദേശത്ത് നിന്ന് ഒന്നര ലക്ഷം പേരും. 2,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ജബലുറഹ്മ മലയും ചുറ്റുമുള്ള പ്രദേശത്തിന്റെയും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ആദ്യഘട്ട പദ്ധതി നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ഈ പ്രദേശത്ത് ബസുകളും മറ്റു വാഹനങ്ങളും പാർക്ക് ചെയ്യാനുള്ള പാർക്കിങ് ഏരിയ, ജബലുറഹ്മ മലയുടെയും പരിസരങ്ങളിലെയും ലൈറ്റുകൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തികൾ നടന്നു കഴിഞ്ഞു.
അഞ്ച് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മിന ക്യാമ്പ് വികസന പദ്ധതി ആരംഭിച്ചു. മിന ക്യാമ്പുകളുടെ 20 ശതമാനം ഏരിയ ഉൾക്കൊള്ളുന്നതാണ് പദ്ധതി. തീർത്ഥാടകരുടെ ആരോഗ്യസംരക്ഷണത്തിന് മക്കയിലും പുണ്യനഗരികളിലുമായി 3,700 കിടക്കകളുള്ള 18 ആശുപത്രികൾ ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം പരിസരങ്ങളിൽ 171 ആരോഗ്യ സേവന കേന്ദ്രങ്ങളുമുണ്ട്. ആവശ്യമെങ്കിൽ ജിദ്ദയിലെയും ത്വാഇഫിലെയും ആശുപത്രികളും തീർത്ഥാടകരുടെ തുടർ ചികിത്സക്കായി ഉപയോഗപ്പെടുത്തും.
വൈദ്യുതിയും വെള്ളവുമായി ബന്ധപ്പെട്ട് മക്കയിലും പുണ്യസ്ഥലങ്ങളിലും വൈദ്യുതോർജ്ജം വർദ്ധിപ്പിക്കുന്നതിനുള്ള 300 കോടി റിയാലിലധികം ചിലവഴിച്ചുകൊണ്ടുള്ള പദ്ധതികൾ നടപ്പിലാക്കിയതായും ഏകദേശം 2000 കോടി ക്യുബിക് വെള്ളം ഹജ്ജ് സീസണിൽ പമ്പ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായും മക്ക അമീർ സ്ഥിരീകരിച്ചു. പ്രതിദിനം 30 ട്രിപ്പുകളിലായി മക്കക്കും ജിദ്ദക്കുമിടയിൽ 35 ട്രെയിനുകൾ സർവീസ് നടത്തും. ഓരോ ട്രിപ്പിലും 417 യാത്രക്കാർക്ക് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കും. ആവശ്യമെങ്കിൽ ദിനേനയുള്ള ട്രിപ്പുകളുടെ എണ്ണം വർദ്ധിപ്പിക്കും.
പുണ്യനഗരിയിലെ സർവീസുകളിലൂടെ അൽ മശാഇർ ട്രെയിൻ 2,10,000 തീർഥാടകർക്ക് ഉപകാരപ്പെടും. 7,90,000 തീർഥാടകർക്കായി 16,000 ആധുനിക ബസുകളും ഒരുക്കിയിട്ടുണ്ടെന്ന് അമീർ ഖാലിദ് അൽ ഫൈസൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.