തേൻ ഉത്സവത്തിന് അൽബാഹയിൽ തുടക്കം
text_fieldsഅൽബാഹ: 15ാമത് അന്താരാഷ്ട്ര തേൻ ഉത്സവം ആരംഭിച്ചു. അൽബാഹയിലെ ബൽജുറഷി ഗവർണറേറ്റ് പരിധിയിലെ തേനീച്ച വളർത്തുന്നവരുടെ സംഘടന ആസ്ഥാനത്തിന് അടുത്താണ് മേള നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള 120 സ്റ്റാളുകൾ മേളയിലുണ്ട്.
കാർഷികോത്സവങ്ങളുടെ പ്രാധാന്യം പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം ഡയറക്ടർ ജനറൽ എൻജി. ഫഹദ് അൽസഹ്റാനി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. കാർഷിക ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിലും കർഷകരുടെയും തേനീച്ച വളർത്തുന്നവരുടെയും വരുമാന നിലവാരം ഉയർത്തുന്നതിലും പ്രാദേശിക കാർഷിക, തേനീച്ച ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിലും കാർഷിക ഉത്സവങ്ങൾക്ക് വലിയ പങ്കുണ്ട്. വിൽപനക്ക് വെച്ച എല്ലാ തേൻ ഉൽപന്നങ്ങളും ഉത്സവം ആരംഭിക്കുന്നതിന് മുമ്പ് പരിശോധിച്ചിട്ടുണ്ട്. അവയുടെ ഗുണനിലവാരം ഉറപ്പാക്കാൻ തുടർച്ചയായി പരിശോധിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഈ വർഷം തേൻ ഉത്സവത്തോടനുബന്ധിച്ച് നിരവധി പരിപാടികളും പ്രവർത്തനങ്ങളുമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. 150-ലധികം ശാസ്ത്രപ്രബന്ധങ്ങൾ അവതരിപ്പിക്കും. തേനീച്ച വളർത്തുന്നവർക്കായി ഒരു അന്താരാഷ്ട്ര ഏഷ്യൻ സമ്മേളനവും നടക്കും. ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയാണ് അൽബാഹയിൽ തേൻ ഉത്സവം നടക്കുന്നത്. അൽബാഹ തേൻ ഉത്സവം ആഗസ്റ്റ് ഏഴ് മുതൽ മൂന്ന് ദിവസം നീണ്ട് നിൽക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ തേൻ ഉൽപാദിപ്പിക്കുന്ന മേഖലയാണ്. ഒരേ വർഷവും നടന്നുവരുന്ന തേൻ ഉത്സവം ഏറെ പ്രസിദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.