ഫുട്ബാൾ താരം വി.പി. സുഹൈറിന് ആദരം
text_fieldsദമ്മാം: പ്രമുഖ ഫുട്ബാൾ ക്ലബായ ഫിനിക്സ് എഫ്.സി.ഡി തെക്കേപ്പുറം ഇന്ത്യൻ താരങ്ങൾക്ക് ആദരം നൽകി. വിവിധ തലമുറകളിൽ ഇന്ത്യക്കും വിവിധ പ്രഫഷനൽ ക്ലബുകൾക്കും കളിച്ച താരങ്ങളെയാണ് ആദരിച്ചത്.
എൺപതുകളിൽ ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി കളിക്കാരൻ, കോച്ച്, മാനേജർ എന്നീ നിലകളിൽ തിളങ്ങിയ ദസ്തകീർ ഹൈദരാബാദ്, തൊണ്ണൂറുകളിലും രണ്ടായിരത്തിലും ഇന്ത്യൻ ടീമംഗവും വിവിധ ക്ലബുകളിലും കളിച്ച സയ്യിദ് ഹുസൈൻ, നിലവിലെ ഇന്ത്യൻ ടീമംഗവും ഐ.എസ്.എൽ കളിക്കാരനുമായ വി.പി. സുഹൈർ എന്നിവരെ ആദരിച്ചു.
ഇന്ത്യൻ ഫുട്ബാളിലെ കൗതുകമുണർത്തുന്ന അനുഭവങ്ങൾ താരങ്ങൾ പങ്കുവെച്ചു. പഠനത്തോടൊപ്പം കായിക മേഖലക്കും പ്രാധാന്യം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് അവർ ഉണർത്തി. ഇന്ത്യൻ ഫുട്ബാളിൽ വന്നിരിക്കുന്ന പ്രഫഷനൽ മാറ്റങ്ങൾ ഏറെ സന്തോഷം നൽകുന്നതാണെന്നും നല്ല കളിക്കാർക്കും കഠിനാധ്വാനികൾക്കും എന്നും വിവിധ ക്ലബുകളിൽ അവസരങ്ങൾ കാത്തിരിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ഹോളിഡേയ്സ് ഹോട്ടലിൽ നടന്ന പരിപാടിയിൽ ഡിഫ പ്രസിഡന്റ് മുജീബ് കളത്തിൽ, ടെക്നിക്കൽ ഹെഡ് സക്കീർ വള്ളക്കടവ്, ക്ലബ് പ്രസിഡന്റ് അഷ്റഫ്, സ്റ്റിയറിങ് കമ്മിറ്റി മെംബർമാരായ ജസീം, സജൂബ്, ടീം മാനേജർ ഫവാസ് എന്നിവർ താരങ്ങൾക്ക് പൊന്നാട അണിയിക്കുകയും മെമന്റോ കൈമാറുകയും ചെയ്തു. പ്രശസ്ത കലാകാരൻ ജുനൈദ് മമ്പാട് വരച്ച അക്രിലിക് പെയിന്റിങ് വൈസ് പ്രസിഡന്റ് സാബിത് ദസ്തകീറിന് സമ്മാനിച്ചു.
അബ്ദുല്ല തൊടിക പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സുനീർ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ഹാരിസ് കോമി, ശിയാസ്, ഫവാസ് ഇല്ലിക്കൽ, ഫഹദ്, ആദിൽ, സാദിഖ്, അസ്ഹർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.