നാരീ പുരസ്കാർ അവാർഡ് ജേതാവ് ഡോ. വിനീത പിള്ളയെ ആദരിച്ചു
text_fieldsജിദ്ദ: ഡോ. എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ നാരീ പുരസ്കാർ അവാർഡ് ലഭിച്ച ഡബ്ലു.എം.എഫ് ജിദ്ദ കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. വിനീത പിള്ളയെ ഡബ്ലു.എം.എഫ് ജിദ്ദ കൗൺസിൽ ആദരിച്ചു. വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന ലോക വനിത ദിനാഘോഷ ചടങ്ങിൽ ഡബ്ലു.എം.എഫ് കൗൺസിൽ അംഗങ്ങളും ജിദ്ദയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലയിലെ നിരവധിപേരും സംബന്ധിച്ചു. ഡബ്ലിയു.എം.എഫ് ജിദ്ദ കൗൺസിൽ പ്രസിഡന്റ് മോഹൻ ബാലൻ ഡോ. വിനീത പിള്ളയെ പൊന്നാട അണിയിച്ചു. ജിദ്ദ കൗൺസിൽ ലേഡീസ് വിങ് കൺവീനർ സോഫിയ ബഷീർ ബൊക്കെ നൽകി സ്വീകരിക്കുകയും സദസ്സിനു പരിചയപ്പെടുത്തുകയും ചെയ്തു.
17 വർഷമായി ജിദ്ദയിലെ അൽറയാൻ ഇന്റർനാഷനൽ പോളിക്ലിനിക്കിൽ സേവനം അനുഷ്ടിച്ചുവരുന്ന ഡോ. വിനീത പിള്ള ജീവകാരുണ്യ പ്രവർത്തകയുമാണ്. കോവിഡ് മഹാമാരിയുടെ മൂർധന്യാവസ്ഥയിൽ നൂറുകണക്കിന് രോഗബാധിതരെ ഇവർ ചികിത്സിക്കുകയും അവർക്കുവേണ്ട മാനസിക പിന്തുണ നൽകുകയും ചെയ്തിരുന്നു. മീഡിയവൺ 'ബ്രേവ് ഹാർട്ട്' അവാർഡ് നേടിയ ഡോ. വിനീത പിള്ളയെ ജിദ്ദയിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനകളും പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ മാന്നാർ സ്വദേശി റിട്ടയേർഡ് ആർമി ഉദ്യോഗസ്ഥൻ രാജൻ പിള്ളയുടെയും സ്കൂൾ അധ്യാപിക നളിനി പിള്ളയുടെയും മകളായ ഡോ. വിനിത പിള്ള ജനിച്ചതും വളർന്നതും വിദ്യാഭ്യാസം പൂർത്തീകരിച്ചതുമെല്ലാം ഉത്തരേന്ത്യയിൽ ആയിരുന്നു.
ഓരോ വ്യക്തിയും നന്മകൾ മുറുകെപ്പിടിച്ച് സ്വയം മാറാൻ തയാറായാൽ വർഗീയത പോലുള്ള വിപത്തിൽ നിന്നും നമുക്ക് രക്ഷനേടാൻ കഴിയും. പെൺകുട്ടികൾ തെറ്റിനോട് ശക്തമായി പ്രതികരിക്കാനും നോ പറയാനും പരിശീലിക്കണമെന്നും ആദരവ് ഏറ്റുവാങ്ങിയ ഡോ. വിനീത പിള്ള പറഞ്ഞു. ഡബ്ലു.എം.എഫ് നാഷനൽ വൈസ് പ്രസിഡന്റ് ജാൻസി മോഹൻ, നാഷനൽ കമ്മിറ്റി അംഗങ്ങളായ റൂബി സമീർ, പ്രിയ സന്ദീപ് എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രെട്ടറി അഹമ്മദ് യൂനുസ് സ്വാഗതവും ട്രഷറർ സുശീല ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.