ഹൂതികളുടെ ആക്രമണശ്രമം; മന്ത്രിസഭ അപലപിച്ചു
text_fieldsജിദ്ദ: ഇറാൻ പിന്തുണയോടെ ഹൂതികൾ ബോധപൂർവവും ആസൂത്രിതവുമായി രാജ്യത്തെ സിവിലിയന്മാർക്കും വസ്തുക്കൾക്കും നേരെ ഡ്രോണുകളും മിസൈലുകളും അയച്ച് ആക്രമിക്കാൻ നടത്തുന്ന ശ്രമത്തെ സൗദി മന്ത്രിസഭ അപലപിച്ചു. ചൊവ്വാഴ്ച സൽമാൻ രാജാവിെൻറ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ആക്രമണശ്രമങ്ങളെ അപലപിച്ചതെന്ന് യോഗനടപടികൾ വിശദീകരിക്കവെ ഇൻഫർമേഷൻ മന്ത്രി ഇൻ ചാർജ് ഡോ. മാജിദ് ബിൻ അബ്ദുല്ല അൽഖുസൈബി പറഞ്ഞു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും മന്ത്രിസഭ കുറ്റപ്പെടുത്തി. അറബ്, പ്രാദേശിക, അന്തർദേശീയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ മന്ത്രിസഭ ചർച്ച ചെയ്തു. ലിബിയയിൽ പ്രസിഡൻഷ്യൽ കൗൺസിലും ജനപ്രതിനിധി സഭയും ചേർന്ന് നടത്തിയ വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി മന്ത്രിസഭ വ്യക്തമാക്കി. എല്ലാ പരിഗണനകൾക്കും ഉപരിയായി ആഭ്യന്തര രാഷ്ട്രീയ സംഭാഷണം ആരംഭിക്കേണ്ടതിെൻറ ആവശ്യകത മന്ത്രിസഭ ഉൗന്നിപ്പറഞ്ഞു.
ലിബിയൻ സഹോദരങ്ങൾക്ക് സുരക്ഷയും സ്ഥിരതയും ഉറപ്പുനൽകുന്ന ശാശ്വത പരിഹാരത്തിന് അതു സഹായിക്കും. അറബ് പ്രാദേശിക സുരക്ഷയെ അപകടപ്പെടുത്തുന്ന ബാഹ്യ ഇടപെടൽ തടയുമെന്നും മന്ത്രിസഭ പറഞ്ഞു. പുതിയ അധ്യയന വർഷത്തേക്കുള്ള തയാറെടുപ്പുകൾ, കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷക്കായി സ്വീകരിച്ച നടപടികൾ, പ്രാദേശിക, ആഗോള തലങ്ങളിൽ കോവിഡ് സംബന്ധിച്ച പുതിയ സംഭവവികാസങ്ങൾ, രോഗപ്പകർച്ചയിലുണ്ടായ ക്രമാനുഗതമായ കുറവുകൾ തുടങ്ങിയവ മന്ത്രിസഭ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.