കുളമ്പടിയൊച്ചകൾ തീർത്ത് അൽഅഹ്‌സയിൽ കുതിരയോട്ട മത്സരം
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ കുളമ്പടിയൊച്ചകൾ തീർത്ത് 21ാമത് കുതിരയോട്ട മത്സരം അരങ്ങേറി. കുതിരകളുടെ ഇനം, നിറം, തൂക്കം, ഉയരം, വയസ്സ് എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങൾ അനുസരിച്ച് 12 ഇനങ്ങളിൽ മത്സരം നടന്നു. അശ്വവേഗത്തിെൻറ പുതിയ ചരിത്രം കുറിച്ച്, മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായ കുതിരകളുടെ ഉടമകൾക്കുള്ള സമ്മാനദാനവും വേദിയിൽ അരങ്ങേറി.
അൽഅഹ്സയിലെ പ്രത്യേകം സജ്ജമാക്കിയ മൈതാനത്താണ് മത്സരങ്ങൾ നടന്നത്. പ്രവിശ്യ വിനോദസഞ്ചാര വകുപ്പിെൻറയും നഗരസഭയുടെയും നേതൃത്വത്തിൽ റിയാദിലെ ഹോഴ്‌സ് റൈഡിങ് ക്ലബിെൻറ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. കേവല വിനോദത്തിനപ്പുറം സൈനിക സുരക്ഷയുടെയും ആഢ്യത്വത്തിെൻറയും പ്രതീകമായി കുതിരകളെ വളർത്തി പരിപാലിച്ചിരുന്ന മുൻഗാമികളുടെ സംഭവബഹുലമായ ജീവിത രീതികളെക്കുറിച്ച് പുതുതലമുറക്ക് പരിചയപ്പെടുത്തലും ചടങ്ങിെൻറ ലക്ഷ്യമാണ്.
അറേബ്യന്‍ കുതിരകളുടെ ശക്തിയും കുതിപ്പും സൗന്ദര്യവും വിളിച്ചോതുന്ന മത്സരങ്ങൾ കാണാൻ നിരവധി സന്ദർശകരാണ് ഒഴുകിയെത്തിയത്. എല്ലാ വർഷവും വിപുലമായി നടന്നുവരാറുള്ള അശ്വമേളയിൽ സൗദി, യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ ജി.സി.സി രാഷ്‌ട്രങ്ങളിൽനിന്ന് കുതിരകളെത്താറുണ്ട്. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് സംഘടിപ്പിച്ച ചടങ്ങ് ശനിയാഴ്ച മാത്രമാണ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.