2034 ലോകകപ്പിന് ആതിഥേയത്വം: സൗദിയിൽ ഒരുങ്ങുന്നത് 2,30,000 ഹോട്ടൽ മുറികൾ
text_fieldsറിയാദ്: 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയുടെ ഒരുക്കങ്ങളിൽ 2,30,000 ഹോട്ടൽ മുറികളുമെന്ന് സൗദി ഇക്കണോമിക് അസോസിയേഷൻ അംഗം ഡോ. അബ്ദുല്ല അൽ മഗ്ലൂത്ത് പറഞ്ഞു. ടൂർണമെന്റിലെ മത്സരങ്ങൾ നടക്കുന്ന റിയാദ്, ജിദ്ദ, അൽ ഖോബാർ, അബഹ, നിയോം നഗരങ്ങളിലാണ് ഇത്രയും ഹോട്ടൽ മുറികൾ വികസിപ്പിച്ചെടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലുള്ള ഈ നിക്ഷേപം സന്ദർശകരെ സ്വീകരിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ നൽകുന്നതിനുമുള്ള സൗദിയുടെ ശേഷി വർധിപ്പിക്കുമെന്നും അൽ മഗ്ലൂത്ത് പറഞ്ഞു.
സൗദി ആതിഥേയത്വം വഹിക്കുന്ന 2034 ലോകകപ്പ് ഫിഫയുടെ ചരിത്രത്തിലെ അസാധാരണവും അഭൂതപൂർവവുമായ ടൂർണമെന്റായിരിക്കും. ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരെ സന്തോഷിപ്പിക്കാനുള്ള ഞങ്ങളുടെ ശക്തിയും കഴിവും പ്രയോജനപ്പെടുത്തുന്നതിലൂടെയാവും ഇതൊരുങ്ങുക. റിയാദ്, അൽ ഖോബാർ, ജിദ്ദ, നിയോം, അബഹ എന്നീ അഞ്ച് നഗരങ്ങളിലായി 15 ലോകോത്തര സ്റ്റേഡിയങ്ങൾ പുതുതായി നിർമിക്കുകയോ നവീകരിക്കുകയോ ചെയ്യുന്നുണ്ട്. കൂടാതെ മറ്റ് 10 സ്ഥലങ്ങളും ലോകകപ്പിനായി ഒരുക്കുന്നുണ്ടെന്നും അൽമഗ്ലൂത്ത് പറഞ്ഞു.
2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യ തയ്യാറെടുക്കുകയാണ്. 16 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലൂടെ രാജ്യത്തേക്ക് വരുന്ന കളിക്കാരും ആരാധകരും അസാധാരണമായ ഒരു സംഭവമായിരിക്കും. ഈ വിമാനത്താവളങ്ങളിൽ ചിലത് നിർമിക്കാനും മറ്റുള്ളവ നവീകരിക്കാനുമുള്ള പ്രവർത്തനം നടന്നുവരികയാണ്. ഈ ടൂർണമെന്റിലൂടെ സൗദി ഒരു ആഗോള കായികകേന്ദ്രമെന്ന നിലയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താൻ ശ്രമിക്കും.
ഫുട്ബാൾ വികസനത്തിന് സംഭാവന നൽകുകയും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ചെറുപ്പക്കാർക്ക് പുതിയ ചക്രവാളങ്ങൾ തുറക്കുകയും ചെയ്യും. അഞ്ച് ആതിഥേയ നഗരങ്ങളിൽ ഫിഫ ഫാൻ ഫെസ്റ്റിനായി രണ്ട് നിർദിഷ്ട സ്ഥലങ്ങളുണ്ടാകും. ടീം ബേസ് ക്യാമ്പുകളെ പിന്തുണക്കുന്നതിനായി 10 ഹോസ്റ്റ് സൈറ്റുകൾ കൂടി നിർദേശിക്കപ്പെട്ടിട്ടുണ്ട്. ആരാധകരുടെയും പങ്കെടുക്കുന്ന ടീമുകളുടെയും സഞ്ചാരം സുഗമമാക്കുന്നതിന് ഗൾഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലക്കുള്ള പദ്ധതികൾ തയാറാക്കി വരുകയാണെന്നും അൽമഗ്ലൂത്ത് പറഞ്ഞു.
ആഗോള ഇവന്റിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഫയൽ വിജയകരമാക്കുന്നതിന് ഭരണകൂട പിന്തുണയോടെയും എല്ലാ സർക്കാർ മേഖലകളുടെയും ഐക്യദാർഢ്യത്തോടെയും സൗദി അറേബ്യ 10 വർഷത്തെ യാത്ര ആരംഭിച്ചിട്ടുണ്ട്. 2034 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പ് അവതരിപ്പിക്കുമെന്ന് സൗദി പ്രതിജ്ഞയെടുത്തിരിക്കുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അൽമഗ്ലൂത്ത് പറഞ്ഞു.
ലോകകപ്പ് ടൂറിസം ചെലവുകളിൽ ഗണ്യമായ വർധനക്ക് കാരണമാകുമെന്നും സൗദിയിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുമെന്നും സൗദി അറേബ്യ സമർപ്പിച്ച ഫയൽ ഉൗന്നിപ്പറഞ്ഞിട്ടുണ്ടെന്നും അൽമഗ്ലൂത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.