ചുട്ടുപൊള്ളി ദമ്മാം; രാജ്യത്തെ ഏറ്റവുമുയർന്ന താപനിലയെന്ന് കാലാവസ്ഥ വിദഗ്ധർ
text_fieldsദമ്മാം: കടുത്ത വേനൽ ചൂടിൽ ചുട്ടുപൊള്ളുകയാണ് ഗൾഫ് രാജ്യങ്ങൾ. കഴിഞ്ഞ ദിവസം കുവൈത്തിൽ 49 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ അത് ഇനിയും ഉയരുമെന്ന ആശങ്കയിലാണ് കാലാവസ്ഥാ വിദഗ്ധർ. അതേസമയം സൗദി നാഷനൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ.സി.എം) സൗദിയിലെ ഏറ്റവും കൂടിയ താപനില കിഴക്കൻ പ്രവിശ്യയായ ദമ്മാമിൽ രേഖപ്പെടുത്തി. ചൊവ്വാഴ്ച ദമ്മാമിലെ താപനില 48 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. അൽഖർജിൽ 46 ഡിഗ്രിയും തലസ്ഥാന നഗരിയായ റിയാദിൽ 45 ഡിഗ്രിയും രേഖപ്പെടുത്തി. അതേസമയം സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ അബഹയിൽ മഴപെയ്ത് കുളിർന്ന മനോഹരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. സൗദിയിൽ കടുത്ത ചൂടിൽ ഉഷ്ണവാത തരംഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചിരുന്നു.
സൗദിയുടെ വ്യവസായിക കേന്ദ്രം കൂടിയായ ദമ്മാമിൽ കടുത്ത ചൂട് പരിഗണിച്ച് ഉച്ചസമയത്ത് മൂന്ന് മണിക്കൂറോളം തൊഴിലാളികൾക്ക് ജോലിയിൽ വിശ്രമവേള അനുവദിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്നവർ സൂര്യാഘാതം ഏൽക്കാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ ഓർമപ്പെടുത്തുന്നു. കടുത്ത ചൂടിൽ നിർജലീകരണാവസ്ഥ മറികടക്കാൻ ധാരാളം വെള്ളം കുടിക്കാനും ആരോഗ്യ വിദഗ്ധർ ഉപദേശിക്കുന്നു. വരും ദിവസങ്ങളിൽ ഗൾഫിന്റെ ചില ഭാഗങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തും.
അതെസമയം ഒമാനിലെ ചില പ്രദേശങ്ങളിൽ മഴയും ശക്തമായ കാറ്റും തുടരാൻ സാധ്യതയുണ്ടെന്ന് ഒമാനി ഡയറക്ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി. സൗദിയെ പോലെ തന്നെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലവസ്ഥയാണ് ഇവിടെയും പ്രതിഫലിക്കുന്നത്. ഗൾഫിലെ കടുത്ത താപനില ഈ ആഴ്‌ചയിൽ യൂറോപ്യൻ ഭൂഖണ്ഡത്തിലൂടെ കടന്നുപോകുന്ന കഠിനവും അസാധാരണവുമായ താപ തരംഗത്തോട് ചേർന്നു നിൽക്കുന്നതിനാലാണ് ഗൾഫ് അതിന്റെ ഏറ്റവും ചൂടേറിയ കാലത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
അതെസമയം കടുത്ത താപനില ഈന്തപ്പഴ വിപണിക്ക് അനുകൂലമായി മാറുമെന്ന് പ്രതീക്ഷിക്കുകയാണ്. എന്നാൽ ചൂട് കാലാവസ്ഥ കൂടുതൽ ദിവസങ്ങളിൽ തുടർന്നാൽ ഈന്തപ്പഴ ഉൽപാദനത്തെ പ്രതികൂലമായി ബാധിക്കാനും ഇടയുണ്ട്. ചൂട് കൂടിയതോടെ ഈന്തപ്പഴങ്ങൾ പാകമായിത്തുടങ്ങുകയും ആദ്യഘട്ട ഫലങ്ങൾ വിപണിയിൽ എത്തിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.