ഗാർഹിക, ആശ്രിത വിസക്കാരുടെ റീഎൻട്രി വിസ സൗദി അറേബ്യ പുതുക്കി തുടങ്ങി
text_fieldsറിയാദ്: അവധിയിൽ നാട്ടിലുള്ള ഹൗസ് ഡ്രൈവറടക്കം ഗാർഹിക വിസക്കാരുടെയും ആശ്രിത വിസക്കാരുടെയും റീഎൻട്രി വിസ പുതുക്കാൻ സൗദി അറേബ്യ നടപടി ആരംഭിച്ചു. കോവിഡ് പ്രതിസന്ധി കാരണം തിരിച്ചുവരാന്‍ സാധിക്കാതെ സ്വദേശങ്ങളിൽ കഴിയുന്നവരുടെ റീഎന്‍ട്രിയുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കില്‍ അവ പുതുക്കാന്‍ സൗകര്യമേര്‍പ്പെടുത്തിയതായി സൗദി പാസ്പോർട്ട് വിഭാഗമായ ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെയും ഫാമിലി വിസയിലുള്ളവരുടെയും റീഎന്‍ട്രി വിസ ജവാസത്തിെൻറ ഒാൺലൈൻ പോർട്ടലായ ‘അബ്ശിര്‍’ വഴി പുതുക്കി നല്‍കുമെന്നാണ് ജവാസത്ത് അറിയിച്ചിരിക്കുന്നത്. വ്യക്തി വിദേശത്തായിരിക്കണമെന്നും ഇഖാമ കാലാവധിയുള്ളതായിരിക്കണമെന്നുമാണ് വ്യവസ്ഥകള്‍. റീ എന്‍ട്രിയുടെ കാലാവധി അവസാനിച്ച് 60 ദിവസം പൂര്‍ത്തിയാകാനും പാടില്ല. റീ എന്‍ട്രി ദീര്‍ഘിപ്പിച്ച കാലയളവിലും ഇഖാമ സാധുവായിരിക്കണം.
സിംഗിള്‍ റീഎന്‍ട്രിക്ക് 100 റിയാലും മള്‍ട്ടിപ്ള്‍ എന്‍ട്രിക്ക് 200 റിയാലുമാണ് കാലാവധി ദീര്‍ഘിപ്പിക്കാനുള്ള ഫീസ്. ഇവ ബാങ്ക് സദാദ് വഴി അടക്കണം. ശേഷം അബ്ശിറില്‍ സ്‌പോണ്‍സറീസ് സര്‍വീസസ് വഴി വിസ എക്സ്റ്റന്‍ഷന്‍ സർവിസ് തെരഞ്ഞെടുക്കണം. വിദേശത്തുള്ളവരുടെ കാലാവധി കഴിഞ്ഞ ഇഖാമയും പുതുക്കിനല്‍കുമെന്ന് ജവാസാത്ത് നേരത്തെ അറിയിച്ചിരുന്നു. അതിനിടെ സൗദിയിലുള്ളവരുടെ ഇഖാമ കാലാവധിയും കോവിഡ് കാല ആനുകൂല്യമായി മൂന്നു മാസം പുതുക്കി നല്‍കുന്നതായി വിവരമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.