‘ജൂദ് ഏരിയ’ കാമ്പയിന് തുടക്കം; ദരിദ്രകുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകും
text_fieldsറിയാദ്: ദരിദ്രകുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുന്ന പദ്ധതി ധനസമാഹരണത്തിന് ‘ജൂദ് അൽ ഇസ്കാൻ’ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് കീഴിൽ ‘ജൂദ് ഏരിയ കാമ്പയി’ന് തുടക്കം. സൽമാൻ രാജാവ് 10 കോടി റിയാലും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ അഞ്ചു കോടി റിയാലും സംഭാവന നൽകി.
ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് ഭവനമൊരുക്കാനുള്ളതാണ് പദ്ധതി. രാജ്യത്തെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് പാർപ്പിടം നൽകാൻ ലക്ഷ്യമിട്ടുള്ള എല്ലാ ദേശീയ ശ്രമങ്ങൾക്കും സംരംഭങ്ങൾക്കും സൽമാൻ രാജാവും കിരീടാവകാശിയും നൽകുന്ന നിരന്തര ശ്രദ്ധയുടെയും പിന്തുണയുടെയും തുടർച്ചയാണിത്.
ജൂദ് ഏരിയ കാമ്പയിനിലൂടെ സൗദിയിലെ എല്ലാ പ്രദേശങ്ങളിലെയും ഏറ്റവും ദരിദ്രരായ കുടുംബങ്ങളെ പിന്തുണക്കുകയാണ് ലക്ഷ്യം. ഇതിൽ 17 മേഖലകൾ ഉൾപ്പെടുന്നു. സാമൂഹിക സംഭാവനകളിലൂടെ വീട് ഏറ്റവും കൂടുതൽ ആവശ്യമുള്ളവർക്ക് ഭവനയൂനിറ്റുകൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തെ എല്ലാ മേഖലകളിലും കാമ്പയിൻ ആരംഭിച്ചത്.
റമദാനിൽ പാർപ്പിട ചാരിറ്റി മേഖലയിലെ വ്യക്തികളുടെയും സംഘടനകളുടെയും സംഭാവനകൾ എളുപ്പമാക്കുന്നതിനും കൂടിയാണ് ജൂദ് അൽ ഇസ്കാൻ ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴി കാമ്പയിൻ ആരംഭിച്ചത്.
ഈ അവസരത്തിൽ മുനിസിപ്പൽ-ഗ്രാമ-ഭവനകാര്യ മന്ത്രി മാജിദ് ബിൻ അബ്ദുല്ല അൽഹുഖയ്ൽ സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും ഉദാരമായ സംഭാവനക്ക് നന്ദിയറിയിച്ചു. റമദാനിൽ നിർധന കുടുംബങ്ങൾക്ക് അനുയോജ്യമായ ഭവനയൂനിറ്റുകൾ നൽകുന്നതിൽ ഇത് വലിയതും ഫലപ്രദവുമായ സ്വാധീനം ചെലുത്തുമെന്ന് മന്ത്രി പറഞ്ഞു.
ജൂദ് ഹൗസിങ് പ്ലാറ്റ്ഫോം ആരംഭിച്ചത് മുതൽ നിർധനർക്ക് ഭവനമൊരുക്കുന്നതിന് പ്രവർത്തിച്ചുവരുന്നു. അതിന്റെ തുടർച്ചയാണ് റമദാനിലെ ഏരിയ കാമ്പയിൻ. ഇതിൽ പൊതുജനങ്ങൾക്ക് പുറമേ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ലാഭേച്ഛയില്ലാത്ത ഏജൻസികൾ എന്നിവയും പങ്കാളികളാവുന്നു. ദരിദ്രരായ കുടുംബങ്ങൾക്ക് 10,000ത്തിലധികം ഭവന യൂനിറ്റുകൾ നിർമിച്ചു നൽകാനാണ് പദ്ധതി. കാമ്പയിൻ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.