പാവങ്ങൾക്ക് പാർപ്പിട പദ്ധതി; സൽമാൻ രാജാവും കിരീടാവകാശിയും 150 ദശലക്ഷം റിയാൽ നൽകി
text_fieldsപാവങ്ങൾക്കുള്ള പാർപ്പിട പദ്ധതി കാമ്പയിൻ റിയാദിൽ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: രാജ്യത്തെ സാമ്പത്തികശേഷി കുറഞ്ഞ കുടുംബങ്ങൾക്കുള്ള പാർപ്പിട പദ്ധതി ‘ജൂദ് അൽമനാത്വിഖ് 2’ കാമ്പയിന് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും 150 ദശലക്ഷം റിയാൽ സഹായം നൽകി. അർഹരായ കുടുംബങ്ങൾക്ക് മതിയായ പാർപ്പിടം നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. നാഷനൽ ഡെവലപ്മെന്റ് ഹൗസിങ് ഫൗണ്ടേഷൻ (സകൻ)ന്റെ സംരംഭങ്ങളിലൊന്നായ ‘ജൂദ് ഹൗസിങ്’ പ്ലാറ്റ്ഫോം ആരംഭിച്ചതാണ് ‘ജുദ് അൽമനാത്വിഖ്2’ കാമ്പയിൻ.
സൽമാൻ രാജാവിന്റെ 100 ദശലക്ഷം റിയാലിന്റെയും കിരീടാവകാശിയുടെ 50 ദശലക്ഷം റിയാലിന്റെയും സഹായത്തിന് മുനിസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രിയും നാഷനൽ ഡെവലപ്മെന്റ് ഹൗസിങ് ഫൗണ്ടേഷൻ ട്രസ്റ്റ് ബോർഡ് ചെയർമാനുമായ മാജീദ് അൽഹുഖൈൽ നന്ദി പറഞ്ഞു. അർഹരായ കുടുംബങ്ങൾക്ക് അനുയോജ്യമായ ഭവന യൂനിറ്റുകൾ നൽകുന്നതിൽ ഈ പദ്ധതിയുടെ സുപ്രധാനവും ഫലപ്രദവുമായ സ്വാധീനം അൽഹുഖൈൽ വിശദീകരിച്ചു.
‘സകൻ’ ഫൗണ്ടേഷൻ ആരംഭിച്ചതുമുതൽ ‘ജൂദ് ഹൗസിങ്’ പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന നിരന്തരമായ ശ്രമങ്ങൾ ആളുകളുടെ ജീവിതനിലവാരത്തിന് വലിയ സംഭാവന നൽകി. അർഹരായ കുടുംബങ്ങൾക്ക് 41,500ലധികം ഭവന യൂനിറ്റുകൾ നൽകുന്നതിന് ഇത് സംഭാവന നൽകി. ഇത് മാനുഷിക സംരംഭങ്ങളെ ശാക്തീകരിക്കാനുള്ള ഭരണകൂട വ്യഗ്രതയുടെ തുടർച്ചയാണ്. ഇതിൽ സാമൂഹിക അംഗങ്ങൾക്ക് പുറമെ സർക്കാർ, സ്വകാര്യ, ലാഭേച്ഛയില്ലാത്ത ഏജൻസികളുടെ റോളുകൾ സംയോജിപ്പിച്ചിരിക്കുന്നു.
‘ജൂദ് ഹൗസിങ്’ പ്ലാറ്റ്ഫോമിലൂടെയുള്ള കമ്യൂണിറ്റി സംഭാവനകളിലൂടെ ‘സകൻ’ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും ജീവിതനിലവാരവും കുടുംബസ്ഥിരതയും കൈവരിക്കുന്നതിന് അർഹരായ കുടുംബങ്ങൾക്ക് ഭവനങ്ങൾ നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, അർഹരായ കുടുംബങ്ങൾ താമസസൗകര്യങ്ങൾ ഒരുക്കുന്നതിനും അതിനുള്ള സാമൂഹിക പങ്കാളിത്തവും അവബോധവും വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ‘ജൂദ് അൽമനാത്വിഖ് 2’ കാമ്പയിൻ രാജ്യത്തെ വിവിധ മേഖലകളിൽ ആരംഭിച്ചു. റിയാദിൽ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ, മദീനയിൽ അമീർ സൽമാൻ ബിൻ സുൽത്താൻ, നജ്റാനിൽ അമീർ ജലവി ബിൻ അബ്ദുൽ അസീസ്, ഖസീമിൽ അമീർ ഫൈസൽ ബിൻ മിശ്അൽ എന്നിവർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.