അബ്ഹയിൽ വീണ്ടും ആക്രമണം; ഇന്ത്യക്കാരൻ അടക്കം ഒമ്പത് പേർക്ക് പരിക്ക്
text_fieldsജിദ്ദ: ദക്ഷിണ സൗദിയിലെ അബ്ഹ വിമാനത്താവളത്തിലേക്ക് യമനിലെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യക്കാരനുൾപെടെ ഒമ്പത് പേർക്ക് പരിക്ക്. ചൊവ്വാഴ്ച പുലർച്ചെ 12.35നുണ്ടായ ആക്രമണം വിമാനത്താവളത്തിെൻറ ആഗമനവിഭാഗ പരിസരത്താണെത്തിയത്. രാജസ്ഥാൻ സ്വദേശിയായ ഹൗസ് ഡ്രൈവർക്കാണ് അതിഗുരുതരപരിക്ക്.
ഇയാളെ അസീർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. വിമാനത്തിൽ വരുന്ന വീട്ടുടമയെ വിളിക്കാൻ വന്നതായിരുന്നു രാജസ്ഥാൻ സ്വദേശി. വാഹനത്തിനകത്ത് ഇരിക്കുന്നതിനിടെ ഡ്രോണിെൻറ അവശിഷ്ടം തെറിച്ച് കഴുത്തിന് സാരമായി പരിക്കേൽക്കുകയാണുണ്ടായത്. പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ജൂൺ 12നും 23നും അബ്ഹ വിമാനത്താവളം ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 23െൻറ ആക്രമണത്തിൽ മലപ്പുറം സ്വദേശികളായ കുടുംബത്തിനും പരിക്കേറ്റിരുന്നു. ഹൂതികൾക്കെതിരായ നടപടി ശക്തമായി തുടരുകയാണെന്ന് അറബ് സഖ്യസേന മേധാവി കേണൽ തുർക്കി അൽ മാലികി പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തി ജനവാസ കേന്ദ്രങ്ങളെ ആക്രമിക്കുന്ന ഹൂതികളുടെ നടപടി തുടരുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. 56 പേർക്കാണ് കഴിഞ്ഞ മൂന്ന് ആക്രമണങ്ങളിൽ പരിക്കേറ്റത്. വിമാനത്താവളത്തിെൻറ പ്രവർത്തനം സാധാരണ നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.