സൗദിക്കെതിരെ വീണ്ടും ഹൂതി മിസൈലാക്രമണം; സഖ്യസേന പരാജയപ്പെടുത്തി
text_fieldsജിദ്ദ: സൗദി അറേബ്യക്കെതിരെ വീണ്ടും യമൻ വിമതരായ ഹൂതികളുടെ ആക്രമണം. ഡ്രോൺ വിമാനങ്ങളും ബാലിസ്റ്റിക് മിസൈലുകളും അയച്ച് ആക്രമണത്തെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നേരിട്ട് പരാജയപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് ദക്ഷിണ സൗദിയിലെ അസീർ മേഖല ലക്ഷ്യമിട്ടാണ് ആയുധങ്ങൾ നിറച്ച ഡ്രോൺ വിമാനങ്ങൾ വന്നത്.
ചൊവ്വാഴ്ച രാവിലെ നജ്റാൻ മേഖലയെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും എത്തി. രണ്ട് ആക്രമണ ശ്രമങ്ങളും സംഖ്യസേന വിഫലമാക്കി. ഇൗ മാസം ആറിന് നജ്റാന് നേരെ രണ്ട് ബാലിസ്റ്റിക് മിലൈസലുകൾ അയക്കുകയും ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് സംഖ്യസേന തകർക്കുകയും ചെയ്തിരുന്നു. മിസൈലുകൾ വീണ് ചില സിവിലിയന്മാർക്ക് പരിക്കേറ്റിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണമുണ്ടായിരിക്കുന്നത്.
ഡ്രോൺ വിമാനങ്ങളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഹൂതി വിമതർ നടത്തിയ ആക്രമണം തകർത്തതായി യമൻ അലയൻസ് സപോർട്ട് സഖ്യസേന വക്താവ് കേണൽ തുർക്കി അൽമാലികി അറിയിച്ചു. ഇറാെൻറ സഹായത്തോടെ സൗദിക്ക് നേരെ ആയുധങ്ങൾ നിറച്ച ഡ്രോൺ വിമാനങ്ങൾ അയച്ചു ഹൂതികൾ ശത്രുതാപരവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൂതികളുടെ തീവ്രവാദവും ധിക്കാരവും തുറന്നുകാട്ടുന്നതാണിത്. അതോടൊപ്പം എല്ലാ സമാധാന ശ്രമങ്ങളെയും നിരാകരിക്കലുമാണ്. വെടിനിർത്തലിനും യമൻ പ്രതിസന്ധിക്ക് സമഗ്രമായ രാഷ്ട്രീയ പരിഹാരം കാണലിനും യു.എൻ. സെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്സ് നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങൾക്ക് നേരെയുള്ള ഹൂതികളുടെ വിമുഖത തുറന്നുകാട്ടുന്നതാണെന്നും വക്താവ് പറഞ്ഞു.
യമനിലെ സഇദ മേഖലയിൽ നിന്നാണ് നജ്റാന് നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ അയച്ചത്. ഇരു മിസൈലുകളും തടുക്കാനും നശിപ്പിക്കാനും സംഖ്യസേനക്ക് കഴിഞ്ഞു. നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ട് ബോധപൂർവമായ ആക്രമമാണ് ഹൂതികൾ നടത്തികൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ ലംഘിച്ച് നിരപരാധികൾക്ക് നേരെയുള്ള ആക്രമണം ഹൂതികൾ തുടരുകയാണ്. ഇതിനകം 313 ബാലിസ്റ്റിക് മിലൈസലുകളും 357 ഡ്രോൺ വിമാനങ്ങളും സൗദിക്ക് നേരെ അയക്കുകയും അവ സംഖ്യസേന തകർക്കുകയും ചെയ്തിട്ടുണ്ട്. നിരപരാധികൾക്ക് നേരെയുള്ള ആക്രമണം തടയാനും ഹൂതികളുടെ ശക്തി നീർവീര്യമാക്കാനും നശിപ്പിക്കാനും കർശനമായ നടപടികൾ കൈകൊള്ളുമെന്നും വക്താവ് ഒാർമിപ്പിച്ചു.
അതേസമയം, സൗദിക്ക് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തെ അറബ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് മുബാറക് അപലപിച്ചു. കോവിഡിനെ നേരിടാൻ ലോകം വലിയ ശ്രമങ്ങൾ നടത്തിവരുന്ന സമയത്ത് സൗദിക്ക് നേരെ നടത്തുന്ന ഭീകരാക്രമണങ്ങൾ സൗദിയുടെ സുരക്ഷയെ മാത്രമല്ല, ഗൾഫ് മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ലക്ഷ്യം വെയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിവിലയന്മാരെയും പൊതുമുതലുകളെയും ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്.
ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് ഡ്രോണുകൾ തടഞ്ഞ സൗദി േവ്യാമ പ്രതിരോധ സേനയുടെ കാര്യക്ഷമതയെയും കഴിവിനെയും സെക്രട്ടറി ജനറൽ പ്രശംസിച്ചു. സൗദിക്കൊപ്പം നിലകൊള്ളുമന്നും സുരക്ഷതയും സ്ഥിരതയും നിലനിർത്തുന്നതിനുള്ള എല്ലാ നടപടികൾക്കും പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അതോടൊപ്പം മേഖലയിൽ സുരക്ഷയും സമാധാനവും അസ്ഥിരപ്പെടുത്താൻ ഹൂതികൾ നിരന്തരമായി നടത്തിവരുന്ന ശ്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.