ഹൂതി ആക്രമണം: എണ്ണവിപണിയിൽ കുറവുണ്ടായാൽ ഉത്തരവാദികളല്ലെന്ന് സൗദി അറേബ്യ
text_fieldsജിദ്ദ: ഹൂതി ആക്രമണത്തിന്റെ വെളിച്ചത്തിൽ എണ്ണവിപണിയിൽ എന്തെങ്കിലും കുറവുണ്ടായാൽ തങ്ങൾ ഉത്തരവാദികളല്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. സൗദിയിലെ എണ്ണസംഭരണശാലകൾക്കുനേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണത്തിന്റെ വെളിച്ചത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങൾ ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആക്രമണത്തിന്റെ വെളിച്ചത്തിൽ ആഗോള വിപണികളിലേക്കുള്ള എണ്ണവിതരണത്തിലെ കുറവിന്റെ ഉത്തരവാദിത്തം സൗദി അറേബ്യ വഹിക്കില്ല. ഭീകരരായ ഹൂതികൾക്ക് ബാലിസ്റ്റിക് മിസൈലും സാങ്കേതികവിദ്യകളും അത്യാധുനിക ഡ്രോൺ വിമാനങ്ങളും നൽകുന്നത് ഇറാൻ തുടരുന്നതിലെ അപകടത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം ബോധവാന്മാരാകേണ്ടതിന്റെ പ്രാധാന്യം സൗദി വ്യക്തമാക്കി.
രാജ്യത്തെ എണ്ണ, വാതക, അനുബന്ധ ഉൽപാദന കേന്ദ്രങ്ങളും അവയുടെ വിതരണവുമാണ് ഹൂതികൾ ലക്ഷ്യമിടുന്നത്. ഇത് ഉൽപാദനം, സംസ്കരണം, ശുദ്ധീകരണം എന്നീ മേഖലകളിൽ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. രാജ്യത്തിന്റെ ഉൽപാദനശേഷിയിലും അതിന്റെ ബാധ്യതകൾ നിറവേറ്റാനുള്ള കഴിവിലും സ്വാധീനം ചെലുത്തുമെന്നും വിദേശ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ആഗോള വിപണികളിലേക്കുള്ള ഊർജവിതരണത്തിന്റെ സുരക്ഷിതത്വത്തിനും സ്ഥിരതക്കും ഇത് ഭീഷണിയാകുമെന്നതിൽ സംശയമില്ല.
ഊർജവിതരണം നിലനിർത്തുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കേണ്ടതിന്റെയും ഹൂതികൾക്കെതിരെ ഉറച്ചുനിൽക്കുകയും അട്ടിമറി ആക്രമണങ്ങളിൽ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം വിദേശകാര്യ വൃത്തങ്ങൾ വിശദമാക്കി. ആഗോള വിപണിയിലെ വളരെ സങ്കീർണമായ ഈ സാഹചര്യത്തിൽ പെട്രോളിയം വിതരണത്തിന്റെ സുരക്ഷക്ക് നേരിട്ട് ഭീഷണി ഉയർത്തുന്നതാണ് ഹൂതികളുടെ തുടർച്ചയായുള്ള ആക്രമണമെന്നും വിദേശകാര്യ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.