സൗദിയിൽ 16 ഇടങ്ങളിൽ ഹൂതി ആക്രമണം
text_fieldsജിദ്ദ: സൗദിയുടെ വിവിധ നഗരങ്ങളിലുണ്ടായ ഹൂതി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ജനങ്ങളെ പരിഭ്രാന്തരാക്കി. ഏകദേശം 16 ആക്രമണങ്ങളാണ് വെള്ളിയാഴ്ച മാത്രം ഹൂതികൾ നടത്തിയത്. ജിദ്ദയുടെ വടക്കു ഭാഗത്തുള്ള അരാംകോ പെട്രോളിയം ഉൽപന്ന വിതരണ കേന്ദ്രത്തിനുനേരെ ആക്രമണമുണ്ടായി.
മിസൈൽ പ്രൊജക്റ്റൈൽ ഉപയോഗിച്ച് വൈകീട്ട് 5.20 ഓടെ രണ്ടു ടാങ്കുകൾക്കുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് എണ്ണടാങ്കുകൾക്കും തീപിടിച്ചതോടെ ആകാശത്ത് കറുത്ത പുകപടലങ്ങൾ പടർന്നു. പുക നഗരത്തിലുടനീളം വ്യാപിച്ചതോടെ ജനങ്ങൾ അൽപസമയം ആശങ്കാകുലരായെങ്കിലും ഇത് ജനങ്ങളുടെ സാധാരണ ജീവിതത്തെ ബാധിച്ചില്ല. സൗദി അഗ്നിശമന അധികൃതർ ഉടൻ തീ അണച്ചു. ആക്രമണത്തിൽ ടാങ്കുകൾക്ക് കേടുപറ്റി.
ജീസാനിലെ അൽ മുഖ്താര സ്റ്റേഷനും വെള്ളിയാഴ്ച്ച വൈകീട്ട് അഞ്ചോടെ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ച് ഹൂതികൾ ആക്രമിച്ചു. ജീസാനിനടുത്ത് സാംതയിൽ വൈദ്യുതിവിതരണ കേന്ദ്രത്തിനുനേരെയും ദഹ്റാനിൽ അൽ ജനൂബ് വാട്ടർ കമ്പനിക്കുനേരെയും ആക്രമണമുണ്ടായി.
ആക്രമണങ്ങളിൽ അതത് സ്ഥാപനങ്ങൾക്ക് കാര്യമായ കേടുപാടുകൾ ഉണ്ടായെങ്കിലും മറ്റ് ആൾനാശമോ പരിക്കോ ഇല്ല. രാജ്യത്തുടനീളം ഊർജസ്രോതസ്സുകളെ ലക്ഷ്യംവെച്ചാണ് ഹൂതികൾ ആക്രമണം നടത്തുന്നതെന്നും ആക്രമണം സൗദിയെ മാത്രം ലക്ഷ്യം വെച്ചല്ലെന്നും ആഗോള ഊർജവിതരണത്തെ തടസ്സപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സൗദി സഖ്യസേന ആരോപിച്ചു.
എണ്ണക്ഷാമമുണ്ടായാൽ ഉത്തരവാദിത്തം വഹിക്കില്ല -സൗദി വിദേശ മന്ത്രാലയം
യാംബു: ആഗോളതലത്തിൽ എണ്ണവിപണിയിൽ കുറവുണ്ടായാൽ ഉത്തരവാദിത്തം വഹിക്കില്ലെന്ന് ആവർത്തിച്ച് സൗദി വിദേശകാര്യ മന്ത്രാലയം.
വടക്കൻ ജിദ്ദയിലെ പെട്രോളിയം ഉൽപന്ന വിതരണ ടെർമിനലിനും ജീസാനിലെ അൽമുഖ് തറ ടെർമിനലിനും നേരെ ഹൂതി ആക്രമണങ്ങൾ ആവർത്തിച്ചുണ്ടായ പശ്ചാത്തലത്തിലാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വൃത്തങ്ങൾ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
രാജ്യത്തിലെ സുപ്രധാന സ്ഥാപനങ്ങൾക്കും സിവിലിയൻ വസ്തുക്കൾക്കുമെതിരായ ഈ ഭീകര കുറ്റകൃത്യങ്ങൾ ആവർത്തിച്ച് നടത്തുന്നത് എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും പ്രത്യക്ഷ ലംഘനമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഇറാന്റെ പിന്തുണയോടെ രാജ്യത്തെ എണ്ണ, വാതക, ശുദ്ധീകരണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക ഡ്രോണുകളും തുടർച്ചയായി വിക്ഷേപിക്കുന്നതിന്റെ ഗുരുതരമായ അപകടത്തെക്കുറിച്ച് അന്താരാഷ്ട്ര സമൂഹം നിതാന്ത ജാഗ്രത പാലിക്കണമെന്നും മന്ത്രാലയ വക്താവ് ഊന്നിപ്പറഞ്ഞു.
പെട്രോൾ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് അംഗ രാജ്യങ്ങളിലെ ആകെ എണ്ണശേഖരത്തിന്റെ 22.1 ശതമാനവും സൗദിയിലാണ്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എണ്ണയുൽപാദന ചെലവ് കുറവും സൗദിയിലാണ്.
ഒപെക് രാജ്യങ്ങളിൽ ആകെ 1.21 ട്രില്യൺ ബാരൽ എണ്ണശേഖരമാണുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ എണ്ണശേഖരമുള്ളത് തെക്കേ അമേരിക്കയിലെ വെനിസ്വേലയിലാണ്.
രണ്ടാം സ്ഥാനത്ത് സൗദിയും മൂന്നാം സ്ഥാനത്ത് ഇറാനുമാണ്. അറബ് മേഖലയിൽ സുരക്ഷാഭദ്രദയും സമാധാനവും തകർക്കാൻ ഹൂതികൾ നടത്തുന്ന ശ്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹത്തിന്റെ യോജിച്ച പ്രതിഷേധങ്ങൾ അനിവാര്യമാണെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.