എണ്ണ ശുദ്ധീകരണശാലക്കു നേരെ ഹൂതി ആക്രമണം: വിവിധ രാജ്യങ്ങളും സംഘടനകളും അപലപിച്ചു
text_fieldsജിദ്ദ: റിയാദിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ വിവിധ രാജ്യങ്ങളും സംഘടനകളും അപലപിച്ചു. വെള്ളിയാഴ്ച രാവിലെ 6.05നാണ് എണ്ണ ശുദ്ധീകരണശാലക്കു നേരെ ഹൂതികളുടെ ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് തീപിടിത്തമുണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കിയതായും സംഭവത്തിൽ പരിക്കുകളോ, മരണമോ ഉണ്ടായിട്ടില്ലെന്നും പെട്രോളിയം വിതരണത്തെ ബാധിച്ചിട്ടില്ലെന്നും ഉൗർജ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. അമേരിക്ക, ഇൗജിപ്ത്, ജോർഡൻ, ജിബൂതി, അഫ്ഗാനിസ്താൻ, യമൻ, ഖത്തർ, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും അറബ് ലീഗ്, മുസ്ലിം വേൾഡ് ലീഗ്, ജി.സി.സി കൗൺസിൽ, അറബ് ആഭ്യന്തര മന്ത്രാലയ സെക്രേട്ടറിയറ്റ്, ഒ.െഎ.സി എന്നിവയും ആക്രമണത്തെ അപലപിച്ചു. റിയാദിലെ എണ്ണ ശുദ്ധീകരണശാലക്കെതിരായ ആക്രമണത്തെ അപലപിക്കുന്നതായി അമേരിക്കൻ വിദേശകാര്യ മന്ത്രാലയ ഡെപ്യൂട്ടി വക്താവ് ഗലീന പോർട്ടർ പറഞ്ഞു.
ആക്രമണങ്ങൾ ആവർത്തിക്കുന്നതിൽ വക്താവ് ആശങ്ക പ്രകടിപ്പിച്ചു. ആഗോള എണ്ണ വിതരണത്തെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ് റിയാദ് റിഫൈനറിക്ക് നേരെയുള്ള ആക്രമണമെന്നും പോർട്ടർ പറഞ്ഞു. ഹൂതികളുടെ ആക്രമണം അന്താരാഷ്ട്ര സമൂഹത്തോടുള്ള വെല്ലുവിളിയും സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തടയലുമാണെന്ന് യമൻ വൈസ് പ്രസിഡൻറ് ലെഫ്റ്റനൻറ് ജനറൽ അലി മുഹ്സിൻ സാലിഹ് പറഞ്ഞു. യമനും അവിടത്തെ ജനങ്ങൾക്കുമെതിരെ ചെയ്തു കൊണ്ടിരിക്കുന്ന കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, നാശം വിതക്കൽ, ഭീകരത എന്നിവയുടെ തുടർച്ചയാണിതെന്നും സൗദിയിലെ എണ്ണ ശുദ്ധീകരണശാലക്കു നേരെ നടത്തിയ ആക്രമണത്തെ അപലപിക്കുന്നുവെന്നും യമൻ വൈസ് പ്രസിഡൻറ് പറഞ്ഞു. സൗദിയിലെ സുപ്രധാന സ്ഥാപനങ്ങളും സജ്ജീകരണങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന അട്ടിമറി ശ്രമമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആഗോള ഉൗർജ വിതരണത്തിെൻറ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുമെന്നും ഖത്തർ പ്രസ്താവനയിൽ പറഞ്ഞു.
സൗദി അറേബ്യയിലെ സുപ്രധാന സ്ഥാപനങ്ങളെയും സിവിലിയന്മാരെയും ആഗോള ഉൗർജ വിതരണ സുരക്ഷയെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തെ അപലപിക്കുന്നുവെന്നും യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഹൂതികളുടെ ഭീകരാക്രമണ തുടർച്ച അന്താരാഷ്ട്ര സമൂഹത്തോടുള്ള നഗ്നമായ ധിക്കാരമാണ്. എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും അവഗണിക്കുന്നതിനെ പ്രതിഫലിപ്പിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഹൂതികളുടെ ആക്രമണം ഇറാനിയൻ പിന്തുണയോടെ നടത്തുന്ന ആസൂത്രിതമായ ശത്രുതാനടപടിയാണെന്ന് വ്യക്തമാക്കുന്നതാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമത്തിെൻറ തുടർച്ചയായ ലംഘനമാണെന്നും സൗദി അറേബ്യ എടുക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയിൽ പറഞ്ഞു. സൗദിയിലെ സിവിലിയന്മാരെയും സുപ്രധാന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണം സ്ഥിരതയും സുരക്ഷയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും സൗദിക്കൊപ്പം നിലകൊള്ളുമെന്നും ജോർഡൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആക്രമണത്തെ ഇൗജിപ്ത് വിദേശകാര്യാലയവും അപലപിച്ചു. ആക്രമണങ്ങളെ പൂർണമായും നിരസിക്കുന്നു. സൗദിയിലെ സുരക്ഷക്കും സ്ഥിരതക്കും ഉൗർജ വിതരണത്തിനും നേരെയുള്ള ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സൗദി അറേബ്യയെയും സിവിലിയന്മാരെയും സുപ്രധാന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ള എല്ലാ ഭീകര പ്രവർത്തനങ്ങളെയും അപലപിക്കുന്നുവെന്നും സൗദി അറേബ്യക്കൊപ്പം നിലകൊള്ളുമെന്നും അഫ്ഗാനിസ്താൻ വ്യക്തമാക്കി. അറബ് ലീഗും ആക്രമണത്തെ അപലപിച്ചു. സൗദി അറേബ്യയെ മാത്രം ലക്ഷ്യമിട്ടല്ല, ആഗോള സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാന സ്തംഭമായ ഉൗർജ വിതരണത്തിനു നേരെയുള്ള ഭീഷണിയാണ്. ആക്രമണങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്ന് അറബ് ലീഗ് പറഞ്ഞു. ഹൂതികൾ നടത്തുന്ന ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണിത്. യുദ്ധകുറ്റമാണെന്നും ഇതും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ജനറൽ സെക്രേട്ടറിയറ്റ് പറഞ്ഞു. സൗദിയിലെ സുപ്രധാന സ്ഥാപനങ്ങൾക്കും സൗകര്യങ്ങൾക്കും സിവിലിയന്മാർക്കുമെതിരെ ആവർത്തിച്ചുള്ള തീവ്രവാദ ആക്രമണങ്ങൾ എല്ലാ അന്തർദേശീയ നിയമങ്ങളെയും ലംഘിക്കുന്നുവെന്ന് മുസ്ലിം വേൾഡ് ലീഗ് ജനറൽ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇൗസ പ്രസ്താവനയിൽ പറഞ്ഞു. അറബ് പാർലമെൻറും ആക്രമണത്തെ അപലപിച്ചു.
ഇറാെൻറ പിന്തുണയോടെ ഹൂതികൾ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണം അപകടവരും നിന്ദ്യവുമാണ്. സൗദി അറേബ്യയെ മാത്രമല്ല, ആഗോള ഉൗർജ വിതരണത്തിെൻറ സുരക്ഷയെയും സാമ്പത്തിക വ്യവസ്ഥയെയും ലക്ഷ്യമിട്ടാണ് ആക്രമണം. മധ്യപൗരസ്ത്യ മേഖലയെയും ലോകത്തെയും ഇതു ബാധിക്കുമെന്നും അറബ് പാർലമെൻറ് പ്രസ്താവനയിൽ പറഞ്ഞു. റിയാദ് എണ്ണ ശുദ്ധീകരണശാലക്കു നേരെയുള്ള ആക്രമണം ഭീരുത്വവും അട്ടിമറി ശ്രമവുമാണെന്ന് ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അഹ്മദ് അൽഉതൈമീൻ പറഞ്ഞു. ഇത്തരം വിനാശകരമായ ആക്രമണത്തിലേർപ്പെടുന്നവർക്കും അവരെ പിന്തുണക്കുന്നവർക്കുമെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ സൗദിക്കൊപ്പം നിൽക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഒ.െഎ.സി സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.