ജിസാൻ കിങ് അബ്ദുല്ല വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം
text_fieldsജിസാൻ: ജിസാനിലെ കിങ് അബ്ദുല്ല വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. ഡ്രോണിന്റെ ചീളുകൾ പതിച്ചു 16 പേർക്ക് പരിക്കേറ്റതായി സംഖ്യ സേന വ്യക്തമാക്കി. തിങ്കളാഴ്ച വൈകീട്ടോടെയാണ് ജിസാൻ വിമാനത്താവളത്തിനു നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമമുണ്ടായത്. ഡ്രോൺ ലക്ഷ്യത്തിലേക്ക് എത്തും മുമ്പ് തകർത്തതായും വിമാനത്താവള ഉൾഭാഗത്ത് അതിന്റെ ചീളുകൾ പതിക്കുകയും ചെയ്തു.
യെമനിലെ സൻആ വിമാനത്താവളത്തിൽ നിന്നാണ് സിവിലിയന്മാരെ ലക്ഷ്യമിട്ട് ഡ്രോൺ അയച്ചത്. സംഭവത്തിൽ വിവിധ രാജ്യക്കാരായ 16 സിവിലിയന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരായ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. സൻആ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹൂത്തികൾ അതിർത്തി കടന്നുള്ള ആക്രമണം വീണ്ടും ആരംഭിച്ചിരിക്കുകയാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ സിവിലിയന്മാരെ സംരക്ഷിക്കാൻ ഉറച്ച നടപടികൾ കൈക്കൊള്ളുമെന്നും സഖ്യസേന അറിയിച്ചു.
ജിസാൻ വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂത്തി ഡ്രോൺ ആക്രമണശ്രമത്തെ അറബ് പാർലമെന്റ് ശക്തമായി അപലപിച്ചു. സാധാരണക്കാരുടെയും യാത്രക്കാരുടെയും ജീവനുതന്നെ ഭീഷണിയാകുന്ന ഭീരുത്വ നടപടിയാണ് ഹൂതികളുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും തങ്ങളുടെ രാജ്യത്തെ പൗരന്മാരുടെയും വിദേശികളുടെയും സുരക്ഷ മുൻനിർത്തി സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും അറബ് പാർലമെന്റ് അറിയിച്ചു. സംഭവത്തെ യു.എ.ഇ, ബഹ്‌റൈൻ, കുവൈത്ത്, ഈജിപ്ത്, ജോർദാൻ തുടങ്ങിയ രാജ്യങ്ങളും അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.