അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തി ഡ്രോണ്‍ അക്രമണം; 12 പേർക്ക് പരിക്ക്
text_fieldsജിദ്ദ: അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികൾ ഡ്രോണ്‍ അക്രമണം നടത്തി. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വിമാനത്താവളത്തിന് സമീപം വെടിവെച്ചിട്ടതായി അറബ് സഖ്യസേന അറിയിച്ചു.
വിമാനത്താവള പരിസരത്ത് പതിച്ച ഡ്രോൺ അവശിഷ്ടങ്ങൾ തട്ടി തൊഴിലാളികളും യാത്രക്കാരും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 12 സിവിലിയന്മാർക്ക് പരിക്കേറ്റതായി സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി സ്ഥിരീകരിച്ചു. രണ്ട് സൗദി പൗരന്മാർ, നാല് ബംഗ്ലാദേശ്, മൂന്ന് നേപ്പാൾ പൗരന്മാർ, ഫിലിപ്പൈൻസ്, ശ്രീലങ്ക, ഇന്ത്യക്കാരായ ഓരോരുത്തർക്കുമാണ് അപകടത്തിൽ പരിക്കേറ്റത്. ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് വിമാനത്താവളത്തിന്റെ മുൻഭാഗത്തുള്ള ചില്ലുകൾ തകരുകയും ചെറിയ കേടുപാടുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. സുരക്ഷാനടപടികൾ സ്വീകരിച്ചശേഷം വിമാനത്താവളത്തിൽ നിന്നുള്ള വിമാന ഗതാഗതം സുഗമമായി പുനരാരംഭിച്ചു.
സിവിലിയന്‍ എയര്‍പോര്‍ട്ടുകളേയും യാത്രക്കാരേയും ലക്ഷ്യമിട്ട് നടത്തുന്ന ഏതൊരു ആക്രമണത്തിനെതിരെയും ശക്തമായ നടപടി കൈക്കൊള്ളുമെന്ന് സഖ്യസേന വക്താവ് പറഞ്ഞു. അന്താരാഷ്‌ട്ര മാനുഷിക നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള സിവിലിയൻ വിമാനത്താവളമായ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള സാധാരണക്കാരായ വിമാനത്താവള തൊഴിലാളികളെയും യാത്രക്കാരെയും ലക്ഷ്യമിട്ടുള്ള ക്രൂരവും ശത്രുതാപരവുമായ ആക്രമണ ശ്രമം യുദ്ധക്കുറ്റമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സിവിലിയൻ വിമാനത്താവളങ്ങളെയും യാത്രക്കാരെയും ലക്ഷ്യമിട്ട് ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങൾക്ക് മറുപടിയായി ശക്തമായ പ്രവർത്തന നടപടികൾ സ്വീകരിക്കുമെന്ന് സഖ്യസേന വക്താവ് അറിയിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റ് 31നും ഹൂത്തികൾ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. അന്ന് ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ വിമാനത്താവള ജീവനക്കാരായ എട്ട് പേർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.