റിയാദിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഹൂതി ഡ്രോൺ ആക്രമണം
text_fieldsജിദ്ദ: റിയാദിലെ എണ്ണ ശുദ്ധീകരണശാലക്ക് നേരെ ഹൂതി ഡ്രോൺ ആക്രമണം. വെള്ളിയാഴ്ച രാവിലെ ആറിനാണ് എണ്ണ ശുദ്ധീകരണ ശാലക്ക് നേരെ ആക്രമണമുണ്ടായതെന്ന് ഊർജ്ജ മന്ത്രാലയ വ്യത്തങ്ങൾ പറഞ്ഞു. ആക്രമണത്തെ തുടർന്നു തീപിടിത്തമുണ്ടായെങ്കിലും ഉടൻ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കെങ്കിലും പരിക്കുകളോ, മരണമോ ഉണ്ടാവുകയോ പെട്രോളിയം വിതരണത്തെ ബാധിക്കുകയോ ചെയ്തിട്ടില്ലെന്ന് ഊർജ്ജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
ഭീരുത്വം നിറഞ്ഞ ആക്രമണത്തെ രാജ്യം ശക്തമായി അപലപിക്കുന്നുവെന്നും സുപ്രധാന സ്ഥാപനങ്ങൾക്കും സിവിലിയൻ വസ്തുക്കൾക്കെുമെതിരെ ആവർത്തിച്ചുള്ള തീവ്രവാദ അട്ടിമറി പ്രവർത്തനങ്ങളെ സ്ഥിരീകരിക്കുന്നതാണ് റിയാദ് റിഫൈനറിക്ക് നേരെയുള്ള ആക്രമണമെന്നും ഊർജ്ജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഏറ്റവും ഒടുവിലായി റാസ് തനൂറ റിഫൈനറിക്കും സൗദി ആരാംകോ താമസകേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ഭീകരുടെ ആക്രമണശ്രമം.
ഇത് രാജ്യത്തെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല. ലോകത്തിലെ ഊർജ്ജ വിതരണ സുരക്ഷയും സ്ഥിരതയും ആഗോള സമ്പദ് വ്യവസ്ഥയും ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരം തീവ്രവാദ അട്ടിമറി ആക്രണങ്ങൾക്കെതിരെ നിലകൊള്ളാനും അതു നടപ്പാക്കുന്നവരെയും അവർക്ക് സഹായം നൽകുന്നവരെയും നേരിടാനും ലോകരാജ്യങ്ങളോടും സംഘടനകളോടും വീണ്ടും ആവശ്യപ്പെടുന്നുവെന്നും ഊർജ്ജ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.