ഹൂതികൾ യമന്റെ താൽപ്പര്യത്തിന് പ്രാധാന്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നു -സൗദി വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: യമനിലെ സംഘർഷത്തിന് പരിഹാരം കാണാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സൗദി വിദേശ കാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. മ്യൂണിച്ച് സുരക്ഷ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്തി. യമനിലെ നിയമാനുസൃത സർക്കാറിനെ പിന്തുണയ്ക്കുകയും അത് നിയന്ത്രിക്കുന്ന സ്ഥലങ്ങൾ സംരക്ഷിക്കുകയും ചെയ്യും. ഏതെങ്കിലും പുറത്തുള്ള കക്ഷികളുടെ താൽപ്പര്യത്തേക്കാൾ ഹൂതികൾ യമന്റെ താൽപ്പര്യത്തിന് പ്രാധാന്യം നൽകുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സഖ്യസേനയുടെ വ്യോമാക്രമണങ്ങൾ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പുനൽകുന്നു. യമനിലെ സഖ്യസേന സിവിലിയന്മാരെ സംരക്ഷിക്കുന്നതിൽ നാറ്റോ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നുവെന്നും മന്ത്രി സൂചിപ്പിച്ചു.
യമനിലെ സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാനം വെടിനിർത്തലാണ്. യമനിലെ സംഭവങ്ങൾ അന്വേഷിക്കാൻ ഒരു സംവിധാനമുണ്ട്. സാധാരണക്കാരെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും വിദേശകാര്യ മന്ത്രി ആവർത്തിച്ചു. ഏത് പ്രതിസന്ധിയും സംഭാഷണത്തിലൂടെ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയിൽ തങ്ങൾ വിശ്വസിക്കുന്നുവെന്ന് റഷ്യ, ഉക്രെയ്ൻ പ്രതിസന്ധി രൂക്ഷമായതിനെകുറിച്ച് പറഞ്ഞു. ഊർജ്ജ വിലയുടെ സ്ഥിരതയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന ചരിത്രപരമായ നയമാണ് തങ്ങൾക്കുള്ളത്. വിപണി സ്ഥിരത നിലനിർത്താനും എണ്ണ പ്രതിസന്ധി ഒഴിവാക്കാനും ഒപെക്കിലെ പങ്കാളികളുമായി തങ്ങൾ പ്രവർത്തിക്കുകയാണ്. സാരമായ പുരോഗതി ഇല്ലെങ്കിലും ഇറാനുമായി അഞ്ചാം റൗണ്ട് ചർച്ചകൾക്കായി തങ്ങൾ കാത്തിരിക്കുകയാണെന്ന് ഇറാന്റെ ആണവ ഫയലിലെക്കുറിച്ച് സൂചിപ്പിച്ച് വിദേശകാര്യ മന്ത്രി പറഞ്ഞു. തെഹ്‌റാൻ ആദ്യം മേഖലയിലെ മുൻഗണനകൾ ക്രമീകരിക്കണം. മേഖലയിൽ ഒരു പുതിയ പ്രവർത്തനരീതി കണ്ടെത്താൻ ഇറാന്റെ ഭാഗത്ത് നിന്ന് ഗൗരവമായ ആഗ്രഹം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുവെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.