ഹുദൈദ തുറമുഖത്ത് ബോംബാക്രമണം; യമനിലെ സംഭവവികാസങ്ങളിൽ ഉത്കണ്ഠ -സൗദി വിദേശകാര്യാലയം
text_fieldsറിയാദ്: യമൻ തുറമുഖമായ ഹുദൈദയിലെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്നുള്ള സംഭവ വികാസങ്ങളെ ഉത്കണ്ഠയോടെ നിരീക്ഷിക്കുകയാണെന്ന് സൗദി വിദേശകാര്യാലയം. ഹുദൈദയെ ലക്ഷ്യമിടുന്നതിൽ തങ്ങൾക്ക് യാതൊരു ബന്ധമോ, പങ്കോ ഇല്ലെന്ന് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.
ഹൂതി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള യമൻ പ്രദേശത്തെ ഹുദൈദ തുറമുഖത്ത് ബോംബാക്രമണം നടന്നതിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ-മാലികിയാണ് ഇക്കാര്യം പറഞ്ഞത്. ഒരു കക്ഷിയെയും വ്യോമാതിർത്തി ലംഘിക്കാൻ രാജ്യം അനുവദിക്കില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസമാണ് യമൻ നഗരമായ ഹുദൈദ തുറമുഖത്തെ എണ്ണസംഭരണ കേന്ദ്രങ്ങളിൽ ഇസ്രായേൽ അധിനിവേശസേന ആക്രമണം നടത്തിയത്. നിരവധിപേരുടെ മരണത്തിനും ആളുകൾക്ക് പരിക്കേൽക്കാനും ഇതിടയാക്കിയതായി ഹൂതി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഹുദൈദയിലെ ഇസ്രായേൽ ആക്രമണത്തിനു ശേഷം യമനിലെ സൈനിക സംഭവവികാസങ്ങൾ വളരെ ഉത്കണ്ഠയോടെ പിന്തുടരുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് മേഖലയിലെ നിലവിലെ പിരിമുറുക്കം ഇരട്ടിയാക്കുകയും ഗസ്സക്കെതിരായ യുദ്ധം അവസാനിപ്പിക്കാൻ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ കക്ഷികളോടും പരമാവധി സംയമനം പാലിക്കാനും പ്രദേശത്തെയും അതിലെ ജനങ്ങളെയും യുദ്ധത്തിന്റെ അപകടങ്ങളിൽനിന്ന് അകറ്റാനും സൗദി ആഹ്വാനം ചെയ്തു. മേഖലയിലെ സംഘട്ടനങ്ങൾ അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹവും ബന്ധപ്പെട്ട കക്ഷികളും ഉത്തരവാദിത്തം ഏറ്റെടുക്കണം.
ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾ തുടരുമെന്നും യമനിലെ തങ്ങളുടെ സഹോദരങ്ങളെ കൂടുതൽ ദുരിതങ്ങളിൽനിന്ന് രക്ഷിക്കാനും മേഖലയിൽ സുരക്ഷയും സമാധാനവും കൈവരിക്കാനുള്ള സമാധാനശ്രമങ്ങൾക്ക് തുടർച്ചയായ പിന്തുണയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.