Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപോക്കറ്റടിക്കാരുടെ...

പോക്കറ്റടിക്കാരുടെ തുപ്പൽ തട്ടിപ്പ്​​ വീണ്ടും; മലയാളിയുടെ കീശയിൽനിന്ന്​​​ കവർന്നത് വൻ തുക

text_fields
bookmark_border
പോക്കറ്റടിക്കാരുടെ തുപ്പൽ തട്ടിപ്പ്​​ വീണ്ടും; മലയാളിയുടെ കീശയിൽനിന്ന്​​​ കവർന്നത് വൻ തുക
cancel
camera_alt

നിയാസി​െൻറ പോക്കറ്റിച്ച ശേഷം ഓടിയകലുന്നയാളുടെ സി.സി ടിവി ദൃശ്യം

ദമ്മാം: പോക്കറ്റിക്കാരുടെ തുപ്പൽ തട്ടിപ്പ്​ വീണ്ടും, മലയാളിയുടെ ​കീശയിൽനിന്ന്​ വൻ തുക കവർന്നു. നടന്നുപോകു​േമ്പാൾ മുന്നിൽ കടന്ന്​ മുറുക്കി തുപ്പുകയും പിന്നാലെ വന്നയാളുടെ ശരീരത്തിൽ തെറിച്ചു എന്ന്​ പറഞ്ഞ്​ ഖേദം പ്രകടിപ്പിച്ച്​ അത്​ തുടച്ചുകളയാനെന്ന വ്യാജേന അടുത്തുകൂടി കീശയിൽനിന്ന്​ പഴ്​സ്​ കവരുന്ന തട്ടിപ്പിനാണ്​ ദമ്മാമിൽ കൊല്ലം ചവറ തേവലക്കര സ്വദേശി നിയാസ്​ ഇരയായത്​.

ദമ്മാമി​ലെ ഡ്രൈ ഫ്രൂട്​സ്​ കമ്പനിയിൽ സെയിൽസ്​മാനാണ്​ നിയാസ്​. കമ്പനിയിൽ അടക്കാനുള്ള പ്രതിദിന കളക്ഷൻ തുകയാണ്​ പോക്കറ്റടിക്കാരൻ കവർന്നത്​. ശനിയാഴ്​ചയാണ്​ സംഭവം. ദമ്മാം ടയോട്ടയിലെ വെജിറ്റബിൽ മാർക്കറ്റിനടുത്തുള്ള ഓഫീസിലേക്ക്​ പോകാൻ രാവിലെ താമസസ്ഥലത്ത്​ നിന്ന്​ പുറത്തിറങ്ങി നടക്കു​േമ്പാഴാണ്​ അറബ്​ വംശജനായ ജീൻസും ടീർഷർട്ടും ധരിച്ച്​ തോളിൽ ഷാൾ ചുറ്റിയ ഒരാൾ പിന്തുടർന്നത്​. ഇയാൾ അതിവേഗം നടന്ന്​ മുന്നിൽ കടന്നു. നടക്കുന്നതിനിടെ അപ്രതീക്ഷിതമായി പുറകിലേക്ക്​ നീട്ടി തുപ്പി. വായിൽനിന്ന്​ വെറ്റിലയും പാക്കും കലർന്ന മിശ്രിതം നിയാസി​െൻറ വസ്​ത്രങ്ങളിലാകെ പടർന്നു. അറിയാതെ പറ്റിപ്പോയതാണ്​ ക്ഷമിക്കണം എന്ന പറഞ്ഞ്​ പിന്നിലേക്ക്​ ഓടിവന്ന അയാൾ​ തോളിൽനിന്ന്​ ഷാൾ എടുത്ത്​ തുപ്പൽ തുടച്ചുകൊടുക്കാൻ ശ്രമിച്ചു. ആകെ സ്​തംഭിച്ചുപോയ നിയാസ്​ ഇയാളെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും അത്​ വകവെക്കാതെ ഷാൾ ​െകാണ്ട്​ തുടയ്​ക്കുന്നത്​ അയാൾ തുടർന്നു.

ആകെ ദേഷ്യത്തിലായ നിയാസ്​ ഇയാളെ വീണ്ടും തള്ളിമാറ്റിയതോടെ അയാൾ റോഡ്​ മുറിച്ചു കടക്കുകയും, പെ​ട്ടെന്ന് അവിടെ​ എത്തിയ കാറിൽ കയറി സ്​ഥലം വിടുകയും ചെയ്​തു. ഒടുവിൽ ഓഫീസിലെത്തി പാൻറി​െൻറ പോക്കറ്റ്​ തപ്പിയപ്പോഴാണ്​ പഴ്​സ്​ നഷ്​ടപ്പെട്ട വിവരം അറിയുന്നത്​. പഴ്​സിൽ 12,561 റിയാലാണ്​ ഉണ്ടായിരുന്നത്​. അത്​ മുഴുവൻ നഷ്​ടമായി​. ബാക്കി പണം മറ്റ്​ രണ്ട്​ പോക്കറ്റുകളിലായാണ്​ സൂക്ഷിച്ചിരുന്നത്​. അതുകൊണ്ട്​ അത്​ പോയില്ല. ഉടൻ തന്നെ സമീപത്തെ കടകളിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്​ ഇയാൾ കാറിൽ വന്നിറങ്ങുന്നതും മറികടന്ന്​ പോകുന്നതും തുപ്പിയതുമൊക്കെ ആസൂത്രിതമാണെന്ന്​ തിരിച്ചറിഞ്ഞത്​. ഷാളുകൊണ്ട്​ ശരീരം തുടക്കുന്ന കൂട്ടത്തിൽ അതി വിദഗ്​ധമായി ഇയാൾ പഴ്​​സ്​ കൈക്കലാക്കുന്നതും ദൃശ്യത്തിൽ കാണാം.

വാൻ സെയിൽസിന്​ പോകുന്ന നിയാസി​െൻറ പക്കൽ പലപ്പോഴും ലക്ഷത്തിലധികം റിയാൽ കളക്ഷനായി കാണാറുള്ളതാണ്​. പണം കൈയ്യിലുള്ളതിനാൽ വളരെ ശ്രദ്ധിച്ചാണ്​ ഓഫീസിലേക്ക്​ വരുന്നതും. എന്നാൽ ഇത്തരം തട്ടിപ്പ്​ 20 വർഷമായി ഗൾഫിലുള്ള താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന്​ നിയാസ്​ പറഞ്ഞു. പലപ്പോഴും രാത്രിയിലൊക്കെയാണ്​ വലിയ തുകകളുമായി ദമ്മാമിൽ എത്തുക. ദീർഘകാല പരിചയമുള്ള താനൊന്നും കബളിപ്പിക്കപ്പെടില്ല എന്ന വിശ്വാസമാണ്​ കഴിഞ്ഞ ദിവസത്തെ സംഭവത്തിലൂടെ ഇല്ലാതായതെന്ന്​ നിയാസ്​ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. ത​െൻറ കൈയ്യിൽ പണമുണ്ടാകുമെന്ന്​ കൃത്യമായി ബോധ്യമുള്ള ആരോ ആണ്​ തട്ടിപ്പിന്​ പിന്നിലെന്നാണ്​ കരുതുന്നതെന്നും നിയാസ്​ പറഞ്ഞു. ഉടൻ സ്​പോൺസറുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്​തിട്ടുണ്ട്​.

തുപ്പുകയോ കാലിൽ തട്ടി വീഴ്​ത്തുകയോ ചെയ്​തിട്ട്​ മാപ്പുചോദിക്കാനെന്ന വ്യാജേന കെട്ടിപ്പിടിച്ച്​ പോക്കറ്റടിക്കുന്ന സംഭവങ്ങൾ മുമ്പും വ്യാപകമായി​രുന്നു. ഇടക്കാലത്ത്​ ഇതിന്​ കുറവ്​ വന്നിരുന്നു. ഇപ്പോൾ വീണ്ടും പഴയ തന്ത്രങ്ങളുമായി കവർച്ചക്കാർ സജീവമാകുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pickpocketing
News Summary - huge amount of money stolen from the pockets of the Malayalee
Next Story