നഴ്സിങ് മേഖലയിൽ സ്വദേശികളുടെ എണ്ണത്തിൽ വൻ വർധന
text_fieldsയാംബു: സൗദി അറേബ്യയിൽ നഴ്സിങ് മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി സ്ത്രീ, പുരുഷ ജോലിക്കാരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ഏഴുവർഷത്തിനിടെ മേഖലയിലെ നഴ്സുമാരുടെ എണ്ണത്തിൽ ഇരട്ടി വർധനയാണ് ഉണ്ടായത്.
2016ൽ നഴ്സുമാരായ സ്ത്രീ, പുരുഷന്മാരുടെ എണ്ണം ഏകദേശം 40,000 ആയിരുന്നത് 2023 ആയപ്പോഴേക്കും 90,000 ആയി വർധിച്ചതായി കഴിഞ്ഞ ദിവസം സൗദി ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ സ്ഥിതി വിവരക്കണക്കിൽ വ്യക്തമാക്കി. സൗദിയിലെ സർവകലാശാലകളുടെ സഹകരണത്തോടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിവിധ സംരംഭങ്ങൾ നഴ്സിങ് മേഖലയിൽ കൂടുതൽ ഉണർവ് ഉണ്ടായതായി വിലയിരുത്തുന്നു.
പൊതുമേഖലയിലും സ്വകാര്യമേഖലയിലും വിദ്യാർഥികൾക്ക് നഴ്സിങ് പഠനം നടത്താൻ കോളജുകളുടെ ശേഷി വർധിപ്പിക്കാനും അതിനായി ആവശ്യമായ പ്രോത്സാഹനം നൽകാനും ശ്രമിച്ച പ്രവർത്തനങ്ങൾ ലക്ഷ്യം കൈവരിച്ചു. നഴ്സുമാരെ പഠിപ്പിക്കുന്നതിനും ആതുര സേവനമേഖലയിൽ കഴിവ് വികസിപ്പിക്കുന്നതിനുമുള്ള പദ്ധതികൾ പൂർത്തിയാക്കിയും ആരോഗ്യമേഖലയിലെ പരിവർത്തന പരിപാടി ഒരുക്കിയുമാണ് ലക്ഷ്യം കൈവരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
കഴിവുറ്റ സ്വദേശി യുവതീയുവാക്കളുടെ കർമശേഷി ആരോഗ്യസേവന മേഖലയിലേക്ക് തിരിച്ചുവിടുക, ആതുരസേവന മേഖലയിൽ സ്പെഷലിസ്റ്റുകളായ നഴ്സുമാരെ വാർത്തെടുക്കുക, രോഗികളുടെ ആരോഗ്യവും പരിചരണവും നിരീക്ഷിക്കുന്നതിൽ നഴ്സുമാരുടെ പങ്ക് കാര്യക്ഷമമാക്കുക എന്നീ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിൽ രാജ്യത്തെ ആരോഗ്യമന്ത്രാലയം നടപ്പാക്കുന്ന ബഹുമുഖപദ്ധതികളുടെ വിജയം കൂടിയാണ് നഴ്സിങ് മേഖലയിലെ കുതിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.