സൗദിയിൽ മേഖല ആസ്ഥാനം സ്ഥാപിക്കുന്ന കമ്പനികൾക്ക് വൻ നികുതിയിളവ്
text_fieldsജിദ്ദ: സൗദി അറേബ്യയില്‍ വ്യവസായ സ്ഥാപനങ്ങളുടെ മേഖലാ ആസ്ഥാനം സ്ഥാപിക്കുകയാണെങ്കില്‍ നിരവധി നികുതി ഇളവ് ലഭിക്കും. രാജ്യത്തേക്ക് ബിസിനസ് സംരംഭകരെ ആകര്‍ഷിക്കുകയാണ് നികുതിയിളവിന്റെ പ്രധാന ലക്ഷ്യം. അറേബ്യന്‍ ബിസിനസ് ന്യൂസ് പോർട്ടലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബഹുരാഷ്ട്ര കമ്പനികളുടെ മധ്യപൂർവേഷ്യയിലെ മേഖലാ ആസ്ഥാനം സ്ഥാപിക്കൂ, നികുതി ഇളവ് നേടൂ എന്നാണ് ആഹ്വാനം. സാമ്പത്തിക മന്ത്രാലയത്തിന്റെയും സകാത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുടെയും ഏകോപിപ്പിച്ച്, സൗദി നിക്ഷേപ മന്ത്രാലയമാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.
ഇതിലൂടെ കൂടുതല്‍ ബഹുരാഷ്ട്ര കമ്പനികളുടെ മേഖലാ ആസ്ഥാനം രാജ്യത്ത് സ്ഥാപിക്കാനുള്ള പ്രവണത വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വാണിജ്യ വ്യവസായ രംഗത്ത് വന്‍ കുതിപ്പിന് കാരണമാവുകയും നിരവധി കമ്പനികള്‍ വന്‍ നിക്ഷേപവുമായി എത്തിച്ചേരുന്നത് സൗദിയുടെ സാമ്പത്തിക വളര്‍ച്ചയെ ത്വരിതപ്പെടുത്തും. നിക്ഷേപ മന്ത്രാലയത്തിന്റെയും റോയല്‍ കമീഷന് ഫോര്‍ റിയാദ് സിറ്റിയുടെയും സംയുക്ത സംരംഭമാണ് മേഖലാ ആസ്ഥാനം സ്ഥാപിക്കുന്ന പദ്ധതി.
മധ്യപൂർവേഷ്യയിലെയും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലെയും ബിസിനസ് ഹബ്ബായി സൗദി അറേബ്യയും തലസ്ഥാനമായ റിയാദ് നഗരവും ഉയരാൻ ഇത് സഹായിക്കും. നികുതി ആനുകൂല്യം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികള്‍ക്ക് സൗദി അറേബ്യയെ അവരുടെ മേഖല ആസ്ഥാനമാക്കി മാറ്റാന്‍ ഇത് മറ്റൊരു കാരണവും നല്‍കുന്നതായി നിക്ഷേപ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.