മനുഷ്യാവകാശ സംരക്ഷണത്തിൽ മുന്നേറ്റം തുടരും -സൗദി മനുഷ്യാവകാശ മേധാവി
text_fieldsറിയാദ്: മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും മികച്ച അന്താരാഷ്ട്ര നിലവാരം കൈവരിക്കുന്നതിലേക്ക് മുന്നേറാനാണ് സൗദി ഉദ്ദേശിക്കുന്നതെന്ന് മനുഷ്യാവകാശ കമീഷൻ മേധാവി ഡോ. ഹലാ ബിൻത് മുസാഇദ് അൽ തുവൈജരി പറഞ്ഞു. മനുഷ്യവകാശ കമീഷന്റെ സ്ഥാപിത തത്ത്വങ്ങളെയും മൂല്യങ്ങളെയും അടിസ്ഥാനമാക്കിയും മാനവികതയെ മറ്റെല്ലാറ്റിനും മുന്നിൽ നിർത്തുന്ന നേതൃത്വത്തിന്റെ താൽപര്യവും അടിസ്ഥാനമാക്കിയാണിത്.
ജനീവയിൽ മനുഷ്യാവകാശ കൗൺസിലിന്റെ ആനുകാലിക അവലോകന സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് അൽതുവൈജരി ഇക്കാര്യം പറഞ്ഞത്. ലോകത്തിലെ മനുഷ്യാവകാശ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിക്കാൻ പ്രാപ്തമാക്കുന്ന മനുഷ്യാവകാശ കൗൺസിലുമായി സൗദി ഏറ്റവും മികച്ച രീതിയിലാണ് സഹകരിക്കുന്നതെന്നും കമീഷൻ മേധാവി പറഞ്ഞു. മനുഷ്യാവകാശ മേഖലയിൽ രാജ്യത്ത് കൈവരിച്ച ഏറ്റവും പ്രമുഖമായ പരിഷ്കാരങ്ങളും വികസനങ്ങളും തന്റെ പ്രസംഗത്തിൽ കമീഷൻ മേധാവി സൂചിപ്പിച്ചു.
‘വിഷൻ 2030’ അംഗീകരിച്ചതിനുശേഷം 150ലധികം നിയമനിർമാണ, സ്ഥാപന, ജുഡീഷ്യൽ, നടപടിക്രമ പരിഷ്കാരങ്ങളും സംഭവവികാസങ്ങളും കൈവരിച്ചിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സമത്വം, സംവാദം, സഹകരണം, നിഷ്പക്ഷത, വസ്തുനിഷ്ഠത, സുതാര്യത എന്നീ തത്ത്വങ്ങൾ അടിസ്ഥാനപരമായ അടിത്തറയെ പ്രതിനിധീകരിക്കണം. മനുഷ്യാവകാശ മേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള ഏത് ഇടപെടലിനും സംയുക്ത പ്രവർത്തനത്തിനും ഒരു പൊതുഅടിസ്ഥാനം ഇതായിരിക്കണം.
ആനുകാലിക അവലോകനത്തിന്റെ നാലാം റൗണ്ടിൽ രാജ്യം അവതരിപ്പിച്ച മിക്ക ശിപാർശകളും 80 ശതമാനത്തിലധികം രാജ്യം അംഗീകരിച്ചിരിക്കുന്നു. ഇത് മനുഷ്യാവകാശങ്ങളോടുള്ള രാജ്യതാൽപര്യത്തിന്റെ തെളിവാണെന്നും കമീഷൻ മേധാവി പറഞ്ഞു. കോവിഡ് ലോകത്തെ നശിപ്പിച്ച സാഹചര്യത്തിലും ഈ പരിഷ്കാരങ്ങൾ അവസാനിച്ചിട്ടില്ല. മനുഷ്യാവകാശങ്ങളോടുള്ള രാജ്യത്തിന്റെ കരുതലും താൽപര്യവും രാജ്യത്തിന്റെ മൂല്യങ്ങളുടെയും ആധികാരിക സംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന ദേശീയ കാഴ്ചപ്പാടിൽ നിന്നാണിത്. അവയിൽനിന്ന് അതിനെ വേർപ്പെടുത്താനാവില്ല. അത് നിയമനിർമാണത്തിലേക്കും സമ്പ്രദായങ്ങളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെന്നും കമീഷൻ മേധാവി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.