തടവുകാർക്ക് മാനുഷിക പരിഗണന -പബ്ലിക് പ്രോസിക്യൂഷൻ
text_fieldsറിയാദ്: സൗദിയിലെ തടവുകാർക്ക് മാനുഷിക പരിഗണന നൽകേണ്ടതിന്റെയും വിചാരണ നടപടികൾ ത്വരിതപ്പെടുത്തേണ്ടതിന്റെയും ആവശ്യകത ഊന്നിപ്പറയുന്ന നയരേഖ അറ്റോണി ജനറൽ ശൈഖ് സഊദ് അൽ മുഅജബ് പുറത്തിറക്കി.
പബ്ലിക് പ്രോസിക്യൂഷൻ അസീർ മേഖല മേധാവികളുടെ യോഗത്തിലാണ് ശൈഖ് മുഅജബ് നയരേഖ പുറത്തിറക്കിയത്. ജയിലുകളുടെയും തടങ്കൽകേന്ദ്രങ്ങളുടെയും നിരീക്ഷണവും പരിശോധനയും സംബന്ധിച്ച നടപടിക്രമങ്ങളും നയരേഖയിലുണ്ട്. വിചാരണ തടവുകാരുമായി ബന്ധപ്പെട്ട നിയമനടപടികൾ ത്വരിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രോസിക്യൂഷൻ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും യോഗത്തിൽ സംസാരിച്ച അറ്റോണി ജനറൽ എടുത്തുപറഞ്ഞു.
ജയിലുകളിലും ശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിലും ജുഡീഷ്യൽ മേൽനോട്ടമുണ്ടാകും. സൗദി പബ്ലിക് പ്രോസിക്യൂഷൻ നിയമവും അന്താരാഷ്ട്ര ചട്ടങ്ങളും ഉടമ്പടികളും പാലിച്ചുകൊണ്ടുംകൂടിയാകും മാർഗരേഖ നടപ്പാക്കുക. സ്വത്ത്, വസ്തുവകകൾ, സാമ്പത്തികമൂല്യമുള്ള സാധനങ്ങൾ എന്നിവ പിടിച്ചെടുക്കുന്ന സംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ഉറപ്പാക്കുന്നതാണ് മാർഗരേഖ.
പിടിച്ചെടുത്ത വസ്തുക്കൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ നിരീക്ഷണവും പരിശോധനയും നിഷ്കർഷിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
മാർഗരേഖ തയാറാക്കുന്നതിന് അവലംബിച്ച രീതികളെയും നിയമനിർമാണഘട്ടങ്ങളെയും കുറിച്ച് ജയിൽഭരണത്തിന്റെയും ശിക്ഷാനടപടി നിർവഹണത്തിന്റെയും ചുമതലയുള്ള ഡെപ്യൂട്ടി അറ്റോണി ജനറൽ ശൈഖ് ഫഹദ് അൽറഷൂദ് യോഗത്തിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.