ഭൂകമ്പ ദുരിതാശ്വാസം; സൗദി അറേബ്യക്ക് നന്ദിപറഞ്ഞ് തുർക്കിയ ഭരണകൂടം
text_fieldsറിയാദ്: തുർക്കിയയുടെ ഭൂകമ്പബാധിത പ്രദേശങ്ങളിലെ മനുഷ്യത്വപരമായ ഇടപെടലുകൾക്കും അവിടെ തുടരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സൗദി അറേബ്യക്ക് നന്ദിപറഞ്ഞ് തുർക്കിയ ഭരണകൂടം. കഴിഞ്ഞദിവസം പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിലാണ് തുർക്കിയ സർക്കാർ സൗദി ഭരണകൂടത്തിനും ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തിയത്. ‘സൗദി നേതൃത്വത്തിന്റെ പിന്തുണക്കും ആ രാജ്യത്തെ സഹോദരങ്ങളുടെ ഐക്യദാർഢ്യത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്.
ദുരിതാശ്വാസ സാമഗ്രികളും വൈദ്യസഹായവുമായി നിരവധി വിമാനങ്ങൾ തുർക്കിയയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളിൽ എത്തിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിലെ തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയിൽ സൗദി സന്നദ്ധ സംഘങ്ങൾ തുർക്കിയ സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. പ്രയാസകരമായ സമയത്ത് സഹോദരരാജ്യങ്ങളിൽനിന്ന് പിന്തുണയും ഐക്യദാർഢ്യവും ലഭിക്കുന്നത് വളരെ പ്രധാനമാണ്. ഈ ഘട്ടത്തിൽ ഞങ്ങളെ പിന്തുണക്കുന്നതിൽ പ്രമുഖ സ്ഥാനത്തുള്ള രാജ്യമാണ് സൗദി’.
ഈ ദുഷ്കരമായ സമയത്ത് തുർക്കിയയെ പിന്തുണച്ചതിനും തുടർന്നുകൊണ്ടിരിക്കുന്ന സഹായത്തിനും സൗദിയെ തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ പ്രത്യേകം പരാമർശിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നിർദേശപ്രകാരം കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ്) തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പബാധിതരെ സഹായിക്കുന്നതിനായി വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ‘സാഹിം’ പ്ലാറ്റ്ഫോമിലൂടെ നടത്തുന്ന ദേശീയ കാമ്പയിനിൽ ഇതുവരെ 25.5 കോടിയിൽപരം റിയാൽ സമാഹരിച്ചുകഴിഞ്ഞു. ഏഴര ലക്ഷത്തോളം പേരാണ് കാമ്പയിനുമായി സഹകരിച്ചത്.
ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തെ ‘ഈ നൂറ്റാണ്ടിലെ ദുരന്തം’ എന്നാണ് തുർക്കിയ അധികൃതർ വിശേഷിപ്പിച്ചത്. കഹ്റമൻമാരാസ് പ്രവിശ്യ കേന്ദ്രീകരിച്ച് 7.6 തീവ്രത രേഖപ്പെടുത്തിയ രണ്ട് വലിയ ഭൂകമ്പങ്ങളാണ് ഉണ്ടായതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
10ലധികം നഗരങ്ങൾക്ക് കനത്തനാശം സംഭവിച്ചു. തുടർ ഭൂകമ്പപരമ്പരകൾ ഒരു വലിയ പ്രദേശത്തെയാകെ ബാധിച്ചു. 84 വർഷം മുമ്പ് 7.9 തീവ്രത രേഖപ്പെടുത്തിയ എർസിങ്കൻ ഭൂകമ്പമാണ് ഇതിനുമുമ്പ് തുർക്കിയയിൽ നടന്ന ഏറ്റവും വലിയ ഭൂകമ്പം. ദുരന്തത്തിൽ തുർക്കിയയിൽ മാത്രം കാൽ ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും മുക്കാൽ ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും 6500ലധികം കെട്ടിടങ്ങൾ തകർന്നുവീഴുകയും ചെയ്തിട്ടുണ്ടെന്നാണ് ഞായറാഴ്ച രാത്രിവരെയുള്ള കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.