ചരിത്രത്തിെൻറ ബാക്കിയിരിപ്പുകൾ തേടിയുള്ള പ്രവാസിയുടെ യാത്രക്ക് കാൽ നൂറ്റാണ്ട്
text_fieldsറിയാദ്: ആയിരക്കണക്കിന് വർഷം പ്രാചീനമായ ഭാരതീയ സംസ്കാരത്തിെൻറ അടിയൊഴുക്കുകളും കഥകളുറങ്ങുന്ന ചരിത്രാവശിഷ്ടങ്ങളും തേടിയുള്ള പ്രവാസി മലയാളിയുടെ യാത്രക്ക് 25 വർഷം. കുട്ടിക്കാലത്ത് കൗതുകത്തിെൻറയും ജിജ്ഞാസയുടെയും പേരിലാരംഭിച്ച അന്വേഷണം ന്യൂമാഹി പുന്നോൽ സ്വദേശി സമീർ ഗൗരവമായി കണ്ടുതുടങ്ങിയത് 20 വർഷം മുമ്പാണ്. പുരാതന ഇന്ത്യൻ രാഷ്ട്രീയ ഭരണകൂടങ്ങളുടെ ചരിത്രത്തിെൻറ മുദ്രകൾ ആലേഖനം ചെയ്ത ഓരോ നാണയവും ലഭിക്കുമ്പോൾ സമീറിന് അത് തിരതല്ലുന്ന ആഹ്ലാദമാണ് നൽകുന്നത്.
ലുലു ഹൈപർമാർക്കറ്റ് റിയാദ് റീജ്യനിലെ ഗ്രാഫിക് മാനേജരാണ് സമീർ ആലമ്പത്ത്. മാഹി കലാഗ്രാമത്തിൽ മൂന്നു വർഷത്തെ പഠനം പൂർത്തിയാക്കി ചിത്രങ്ങളുടെയും കലയുടെയും ലോകത്ത് ഒരു പ്രണേതാവായി ഉപജീവനം നടത്തുമ്പോൾ തന്നെയാണ്, അറിവിെൻറ പുതു വാതായനങ്ങൾ തുറക്കാൻ സമീർ ശ്രമിക്കുന്നത്. ബി.സി 326 മുതൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി കാലത്തുള്ള ഓട്ടമുക്കാൽ വരെ നീളുന്ന വലിയൊരു ചരിത്രശൃംഖല തന്നെ നാണയങ്ങളിലൂടെ അടുക്കിവെച്ചിരിക്കുകയാണ് ഈ പ്രതിഭ.
പാർത്തിയൻ, തക്ഷശില, മധുരനായക്, ശതവാഹന, ചന്ദ്രഗുപ്ത, മുഗൾ സാമ്രാജ്യം, ടിപ്പു സുൽത്താൻ തുടങ്ങി ഇന്ത്യയിൽ നിലനിന്നിരുന്ന രാജവംശങ്ങളുടെയും വിവിധ പ്രദേശങ്ങൾ വാണിരുന്ന രാജസ്വരൂപങ്ങളുടെയും വ്യത്യസ്തവും അതീവ പ്രാധാന്യമുള്ളതുമായ നാണയങ്ങൾ ഇന്ന് സമീറിന് സ്വന്തമാണ്. കൂടാതെ ഇന്ത്യയെ നൂറ്റാണ്ടുകൾ അധിനിവേശിച്ച ബ്രിട്ടൻ, ഫ്രഞ്ച്, ഡച്ച് സാമ്രാജ്യത്വ ഭരണകൂടങ്ങൾ പുറത്തിറക്കിയ നാണയങ്ങളും ഇദ്ദേഹത്തിെൻറ കൈവശമുണ്ട്. പല്ലവ, കുന്നിഡ, സംഘം, ഇന്തോ ഗ്രീക്ക്, സസേനിയൻ, കുശാൻ തുടങ്ങി പ്രാചീന കാലത്തെയും തിരുവിതാംകൂർ, കൊച്ചി, മദിരാശി കാലഘട്ടത്തിലെയും നാണയങ്ങളുമുണ്ട്. നീണ്ട അന്വേഷണത്തിലൂടെയും ഈ രംഗത്തെ സൗഹൃദ ബന്ധങ്ങളിലൂടെയുമാണ് ഇത്തരം അമൂല്യമായ ശേഖരങ്ങൾ സ്വന്തമാക്കുന്നത്. ചരിത്രം പഠിക്കാനും അത് ആഴത്തിൽ ഖനനം ചെയ്യാനുമുള്ള തൃഷ്ണയാണ് ഓരോ ശേഖരത്തിെൻറയും പിന്നിലുള്ള ചേതോവികാരമെന്ന് സമീർ പറയുന്നു. സമ്പത്തും സമയവും ക്ഷമയും ധാരാളം ആവശ്യമുള്ള ഒരു മേഖലയാണിത്. പലരും ചരിത്രത്തിെൻറ ചില ഏടുകൾ മാത്രം ചികയുന്നത് ഈ പരിമിതി മൂലമാണ്. തന്നെ സംബന്ധിച്ചിടത്തോളം ചരിത്രത്തിെൻറ സമ്പൂർണമായ വെളിച്ചമാണ് തേടുന്നതെന്നും സമീർ പറയുന്നു.
ഈ മേഖലയിൽ കബളിപ്പിക്കപ്പെടാനുള്ള സാധ്യതയും ധാരാളമാണ്. കൃത്രിമമായി നിർമിച്ച ഉരുപ്പടികൾ അജ്ഞതയെയും അശ്രദ്ധയെയും ചൂഷണം ചെയ്ത് വിൽക്കുന്നവരും കുറവല്ല. വിദഗ്ധരുടെ സൂക്ഷ്മമായ പരിശോധനക്കും നിരീക്ഷണത്തിനും ശേഷമാണ് അവ ശേഖരിക്കുന്നത്. ഓട്, ചെമ്പ്, പിത്തള, സ്വർണം, വെള്ളി, മിശ്രിത ലോഹങ്ങൾ എന്നിവ കൊണ്ടാണ് പുരാതന കാലത്തെ നാണയങ്ങൾ നിർമിക്കപ്പെട്ടിട്ടുള്ളത്. സൂക്ഷ്മമായ പരിചരണമില്ലെങ്കിൽ ചിലത് നാശോന്മുഖമായി മാറും. കോട്ടൻ തുണിയിൽ പൊതിഞ്ഞ് വളരെ ചിട്ടയോടെയാണ് ഓരോന്നും സൂക്ഷിച്ചിട്ടുള്ളത്. അറിയപ്പെടുന്ന 250ലധികം ഭരണകൂടങ്ങളുടെ രണ്ടായിരത്തിലധികം നാണങ്ങളാണ് ഇപ്പോൾ ഇദ്ദേഹത്തിെൻറ പക്കലുള്ളത്. സൗദി അറേബ്യയുടെ 1920ൽ പുറത്തിറക്കിയ 'ഹിജാസ്' എന്ന നാണയവും ശേഖരത്തിലുണ്ട്. പൊതുവായ പ്രദർശനത്തിന് താൽപര്യമില്ലാത്ത സമീർ കഴിഞ്ഞ ദിവസം 'ലുലു'വിൽ നടന്ന ഇന്തോ സൗദി സാംസ്കാരിക ഉത്സവത്തിലാണ് തെൻറ ആദ്യപ്രദർശനം നടത്തിയത്. ഒരു പാഷൻ എന്നതോടൊപ്പം പഠന ഗവേഷണത്തിലാണ് ശ്രദ്ധ മുഴുവനും. ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ഏറെനേരം പ്രദർശനം വീക്ഷിക്കുകയും വലിയ പ്രോത്സാഹനങ്ങൾ നൽകുകയും ചെയ്തു. ഷബീനയാണ് സഹധർമിണി. സാഹിൽ, അഖിൽ (ഇരുവരും റിയാദിലെ ആലിയ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ), ഫസ എന്നിവരാണ് മക്കൾ. പ്ലസ്ടുവിന് പഠിക്കുന്ന സാഹിൽ പിതാവിനെ പോലെ ചിത്രകാരൻ കൂടിയാണ്. 'ദ ഗ്രേറ്റ് ഇന്ത്യൻ കോയിൻസ്' എന്ന ബ്ലോഗിലൂടെയും ഫേസ്ബുക്കിലൂടെയും നിരവധി ഫോളോവേഴ്സുണ്ട് സമീറിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.