സൗദിയിൽ ഇനി വേട്ടക്കാലം; നിർദിഷ്ട സ്ഥലങ്ങളിൽ പക്ഷിമൃഗാദികളെ വേട്ടയാടാൻ അനുമതി
text_fieldsറിയാദ്: നിർദിഷ്ട സ്ഥലങ്ങളിൽ പക്ഷിമൃഗാദികളെ വേട്ടയാടാൻ അനുമതി നൽകുന്ന ഈ വർഷത്തെ ‘വേട്ടക്കാല’ത്തിന് സെപ്റ്റംബർ ഒന്ന് മുതൽ ആരംഭം. സെപ്റ്റംബർ ഒന്ന് മുതൽ ജനുവരി 31 വരെയാണ് അഞ്ച് മാസം നീളുന്ന വേട്ടയാടൽ സീസന് ദേശീയവന്യജീവി വികസനകേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. കേന്ദ്രത്തിന്റെ വെബ്സൈറ്റിലും ‘ഫിത്രി’എന്ന ആപ്പിലും വ്യക്തമാക്കിയിരിക്കുന്ന ഇനങ്ങളെ മാത്രമേ വേട്ടയാടാൻ പാടുള്ളൂ. ഈ വെബ്സൈറ്റിലും ആപ്പിലും നിന്നാണ് വേട്ടയാടുന്നതിനുള്ള ലൈസൻസ് ലഭിക്കുക.
വേട്ടയാടാൻ ആഗ്രഹിക്കുന്നവരുടെ തോക്കുകൾക്ക് ലൈസൻസുണ്ടായിരിക്കണം. അല്ലെങ്കിൽ സൗദി ഫാൽക്കൺസ് ക്ലബ്ബിൽ രെജിസ്റ്റർ ചെയ്ത ഫാൽക്കൺ ഉടമകളായിരിക്കണം. എന്നാൽ, അപൂർവവും വന്യവും വംശനാശഭീഷണി നേരിടുന്നതുമായ ജീവികളെ വേട്ടയാടുന്നതിന് അനുമതിയില്ല. അത്തരം ജീവികളെ വേട്ടയാടുന്നത് പുർണമായും നിരോധിച്ചിരിക്കുകയാണ്. വേട്ടയാടൽ നിരോധിച്ചുള്ള മുന്നറിയിപ്പ് നൽകിയ സ്ഥലങ്ങളിൽ പക്ഷികൾ ഉൾപ്പെടെയുള്ള എല്ലാ ജീവജാലങ്ങളെയും വേട്ടയാടാനും പാടില്ല.
നഗരങ്ങൾ, ഗ്രാമങ്ങൾ, ഫാമുകൾ, വിശ്രമ കേന്ദ്രങ്ങൾ, പാർപ്പിട സമുച്ചയം, സൈനിക കേന്ദ്രങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, മറ്റ് സുപ്രധാന സ്ഥാപനങ്ങൾ എന്നിവയുടെ അതിർത്തികൾക്കുള്ളിൽ വേട്ടയാടലിന് നിരോധനമുണ്ട്. കരുതൽ ശേഖരങ്ങളുടെയും പ്രധാന പദ്ധതികളുടെയും അതിരുകൾക്കുള്ളിലും രാജ്യത്തിന്റെ തീരപ്രദേശങ്ങളുടെ 20 കിലോമീറ്റർ ചുറ്റളവിലും നിരോധനമുണ്ട്. വേട്ടയാടുന്നതിന് അനുവദനീയമായ മാർഗങ്ങളെ ഉപയോഗിക്കാൻ പാടുള്ളൂ. അല്ലാത്തവ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. ജൈവവൈവിധ്യവും പാരിസ്ഥിതിക സന്തുലിതാവസ്ഥയും സംരക്ഷിച്ചുകൊണ്ട് വേട്ടയാടൽ നിയന്ത്രണങ്ങൾ പരിഷ്കരിച്ചും പ്രകൃതിവിഭവങ്ങളുടെ ഉപയോഗം കണക്കിലെടുത്തുമാണ് പ്രഖ്യാപനമെന്ന് ദേശീയ വന്യജീവി വികസന കേന്ദ്രം വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.