മൃഗങ്ങളെ വേട്ടയാടൽ; 16 പേർ അറസ്റ്റിൽ
text_fieldsറിയാദ്: മൃഗങ്ങളെ വേട്ടയാടിയ 16 പേരെ സൗദി അറേബ്യയിൽ അറസ്റ്റ് ചെയ്തു.എല്ലാവരും സ്വദേശി പൗരന്മാരാണ്. നായാട്ട് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിലും മുഹമ്മദ് ബിൻ സൽമാൻ റോയൽ റിസർവിലും ഇമാം അബ്ദുൽ അസീസ് ബിൻ മുഹമ്മദ് റോയൽ റിസർവിലുമുള്ള നിരോധിത സ്ഥലങ്ങളിലും മൃഗ, പക്ഷിവേട്ട നടത്തിയതിനാണ് സൗദി പരിസ്ഥിതി സുരക്ഷ സേന അറസ്റ്റ് ചെയ്തത്.
വ്യത്യസ്ത ഇനങ്ങളിൽപെട്ട 17 തോക്കുകളും 4,870 വെടിയുണ്ടകളും വേട്ടയാടി പിടിച്ച 74 പക്ഷികളെയും ഇവരുടെ പക്കൽ കണ്ടെത്തി.ലൈസൻസില്ലാതെ പ്രകൃതി സംരക്ഷിത മേഖലയിൽ പ്രവേശിക്കുന്നവർക്ക് 5,000 റിയാലും നിരോധിത സ്ഥലങ്ങളിൽ നായാട്ട് നടത്തുന്നവർക്ക് 5,000 റിയാലും തോക്കുകളും വലകളും കെണികളും നായാട്ടിന് ഉപയോഗിക്കുന്നവർക്ക് ഒരു ലക്ഷം റിയാലും പിഴ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷ സേന വക്താവ് കേണൽ അബ്ദുറഹ്മാൻ അൽഉതൈബി പറഞ്ഞു.
വേട്ടയാടിപ്പിടിക്കുന്ന മൃഗത്തിന്റെയും പക്ഷിയുടെയും ഇനത്തിനനുസരിച്ച പിഴ പ്രത്യേക വകുപ്പ് പിന്നീട് നിർണയിക്കും.പരിസ്ഥിതിക്കും വന്യജീവികൾക്കും എതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്ന് കേണൽ അബ്ദുറഹ്മാൻ അൽഉതൈബി ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.