സുഹൃത്തുക്കൾ കൈകോർത്തു; നിയമക്കുരുക്കഴിച്ച് സുഹൃത്തിനെ തുടർചികിത്സക്കു നാട്ടിലയച്ചു
text_fieldsഅസുഖങ്ങളും നിയമപ്രശ്നങ്ങളും കാരണം നാട്ടിൽ പോകാൻ കഴിയാതെ അലയുകയായിരുന്ന ഹുസൈനെ സുഹൃത്തുക്കളും അഷ്റഫ് കുറ്റിച്ചലും ചേർന്ന് അബ്ഹ എയർപോർട്ടിൽ
യാത്രയാക്കുന്നു
അബഹ: തൊഴിലുടമ ഹുറൂബ് (ഒളിച്ചോട്ടക്കാരൻ) ആക്കിയതിനെ തുടർന്ന് കഴിഞ്ഞ നാലു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ അലയുകയായിരുന്ന ഖമീസ് മുശൈത്തിലെ Hussain, a native of Kollam Punalur
പ്രമേഹരോഗി കൂടിയായ ഹുസൈന്റെ കാലിൽ ആറു മാസത്തിലേറെയായി ഉണ്ടായ മുറിവ് വലുതായതിനെ തുടർന്ന് ഒരു ജോലിയും ചെയ്യാൻ കഴിയാതെ റൂമിൽ തന്നെ കഴിച്ചു കൂട്ടുകയായിരുന്നു. മതിയായ രേഖകൾ ഇല്ലാത്തതിനാലും നിയമക്കുരുക്കിനാലും ശരിയായ ചികിത്സയും ലഭിച്ചിരുന്നില്ല.
ഖമീസ് മുശൈത്തിലെ മലയാളി ഡോക്ടറുടെ സഹായത്തോടെ കാലിലെ മുറിവ് ദിവസവും വൃത്തിയാക്കി മരുന്നുെവച്ച് ഡ്രസിങ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. അടിയന്തരമായി തുടർചികിത്സക്കു നാട്ടിൽ പോകാൻ ഡോക്ടർമാർ നിർദേശിച്ചെങ്കിലും ഹുറൂബ് ആയിരുന്നതും തൊഴിലുടമയുടെ ഓഫിസ് പാസ്പോർട്ട് നൽകാൻ വിസമ്മതിച്ചതും നാട്ടിലേക്കുള്ള യാത്രക്കു വലിയ പ്രതിസന്ധിയായി.
ഹുസൈന്റെ സുഹൃത്തുക്കളിൽ പലരും തൊഴിലുടമയുമായി സംസാരിച്ചുവെങ്കിലും അനുഭാവപൂർവമായ പ്രതികരണം ഉണ്ടായില്ല. തുടർന്ന് പ്രസാദ് നാവായിക്കുളം, ബേബി തിരുവനന്തപുരം എന്നിവർ മാധ്യമ പ്രവർത്തകൻ മുജീബ് എള്ളുവിളയെ വിവരമറിയിച്ചു.
അദ്ദേഹം വിഷയം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം വളന്റയറും സാമൂഹിക പ്രവർത്തകനുമായ ഒ.ഐ.സി.സി സൗദി ദക്ഷിണ മേഖല കമ്മിറ്റി പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചലിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് അഷ്റഫ് തൊഴിലുടമയുമായി സംസാരിച്ച് അദ്ദേഹം പിടിച്ചുവെച്ചിരുന്ന പാസ്പോർട്ട് വാങ്ങുകയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽനിന്ന് ഫൈനൽ എക്സിറ്റ് വിസ തരപ്പെടുത്തുകയും ചെയ്തു.
ഖമീസിലെ ടാക്സി കൂട്ടായ്മയായ ബെസ്റ്റ് വേ യാത്രക്കുള്ള ടിക്കറ്റും ഹുസൈന്റെ പ്രവാസി സുഹൃത്തുക്കളായ അക്ബർ പുനലൂർ, അൻസാർ പുനലൂർ, വിജയൻ ആലപ്പുഴ, ജഗൻ കണ്ണൂർ, ഷമീർ ചക്കുവള്ളി, മമ്മൂഞ്ഞ് (മുഹമ്മദ് കുഞ്ഞ്) കരുനാഗപ്പള്ളി തുടങ്ങിയവരുടെ കൂട്ടായ പരിശ്രമത്തിലൂടെ രോഗിയായ സുഹൃത്തിന് നാട്ടിൽ ചെന്നാലുള്ള അടിയന്തര ചികിത്സക്ക് സുമനസ്സുകളായ പ്രവാസികളിൽ നിന്നും തുക സമാഹരിച്ചു നൽകി. വെള്ളിയാഴ്ച ഉച്ചക്ക് 1:50 നുള്ള എയർ അറേബ്യ വിമാനത്തിൽ ഹുസൈൻ അബഹയിൽനിന്ന് നാട്ടിലേക്ക് തിരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.