സൗദി ദേശീയ ഗെയിംസ് ബാഡ്മിന്‍റണിൽ ഇന്ത്യൻ ആധിപത്യം; ഹൈദരാബാദി വിദ്യാർഥിക്കും സ്വർണ മെഡൽ
text_fieldsറിയാദ്: സൗദി ദേശീയ ഗെയിംസിലെ ബാഡ്മിന്റൺ പുരുഷ വിഭാഗം സിംഗിൾസിലും ഇന്ത്യൻ ആധിപത്യം. ഹൈദരാബാദ് സ്വദേശിയും റിയാദ് മിഡിലീസ്റ്റ് ഇന്റർനാഷനൽ സ്കൂൾ 11-ാം ക്ലാസ് വിദ്യാർഥിയുമായ Shaikh Mehad Shah സ്വർണ മെഡൽ നേടി 10 ലക്ഷം റിയാൽ സമ്മാനത്തുക സ്വന്തമാക്കിയത്. വനിതാവിഭാഗം സിംഗിൾസിൽ കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇൻർനാഷനൽ ഇന്ത്യൻ സ്കുളിലെ 11-ാം ക്ലാസ് വിദ്യാർഥിനിയുമായ ഖദീജ നിസക്കായിരുന്നു സ്വർണ മെഡൽ. ഇതോടെ ബാഡ്മിന്റൺ വ്യക്തിഗത ചാമ്പ്യഷിപ്പിൽ ഇന്ത്യൻ ആധിപത്യം പൂർണമായി.
വ്യാഴാഴ്ച രാത്രി റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിന് സമീപമുള്ള മെഹ്ദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഇരുവരും സ്വർണ തിളക്കത്തിലേക്ക് ബാറ്റടിച്ചുകയറിയത്. വൈകീട്ട് 6.30 ന് നടന്ന മത്സരത്തിൽ ഖദീജ നിസയും രാത്രി എട്ടിന് നടന്ന മത്സരത്തിൽ ശൈഖ് മെഹദും സ്വദേശി എതിരാളികളെ തറപറ്റിച്ച് സുവർണ നേട്ടം സ്വന്തമാക്കുകയായിരുന്നു. ആദ്യം പുറത്തുവന്ന ഖദീജയുടെ വിജയം അറിഞ്ഞപ്പോൾ തന്നെ സൗദി മലയാളി സമൂഹം ആഹ്ലാദത്തിലായി.
ശേഷം ശൈഖ് മെഹദ് ഷായുടെ സ്വർണമെഡൽ നേട്ടം കൂടിയായതോടെ സൗദി ഇന്ത്യൻ സമൂഹത്തിന്റെ ആവേശം ഇരട്ടിച്ചു. സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ ഇന്ത്യക്കാർക്ക് മൊത്തത്തിലും മലയാളികൾക്ക് പ്രത്യേകിച്ചും അഭിമാനിക്കാൻ കഴിയുന്ന നേട്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.
റിയാദിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയറായ ഷാഹിദ് ശൈഖാണ് ശൈഖ് മെഹദ് ഷായുടെ പിതാവ്. 22 വർഷമായി റിയാദിലുള്ള ഷാഹിദ് ശൈഖ് അൽമുതലഖ് ഫർണീച്ചർ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കുട്ടിക്കാലം മുതൽ റിയാദിലുള്ള മെഹദ് എട്ടാം വയസിൽ കൈയ്യിലെടുത്തതാണ് ബാറ്റ്. അന്ന് മുതൽ കടുത്ത പരിശീലനത്തിലായിരുന്നു. എന്നെങ്കിലും ഇത്തരമൊരു നേട്ടത്തിൽ എത്തിച്ചേരുമെന്നൊരു പ്രതീക്ഷയിൽ തന്നെയാണ് ദിനംപ്രതി കളിച്ചുകയറിയത്.
എന്നാൽ സൗദിയിൽ തന്നെ ഇത്തരമൊരു അവസരം വന്നുചേരുമെന്ന് വിദൂര സ്വപ്നത്തിൽ പോലമുണ്ടായിരുന്നില്ല. സൗദിയിലും ദേശീയ ഗെയിംസ് വരുമെന്നും അതിൽ തന്നെ മത്സരിക്കാൻ അവസരം കിട്ടുമെന്നും ഒരിക്കലും കരുതിയതല്ല. സ്വപ്നം കാണാതെ കിട്ടിയ നേട്ടത്തിന്റെ അത്ഭുതത്തിലും ആഹ്ലാദത്തിലുമാണ് ഈ 16 വയസുകാരൻ. ഇന്ത്യൻ വിദ്യാർഥികൾ സ്വന്തമാക്കിയ രണ്ടു നേട്ടങ്ങളും ഏറെ ആവേശം ജനിപ്പിച്ചെന്നും വലിയ അഭിമാനമാണ് നൽകിയതെന്നും ഇരുവരുടെയും മത്സരം കാണാനെത്തിയ മലയാളി സാമൂഹികപ്രവർത്തകൻ ഇബ്രാഹിം സുബ്ഹാൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.