നിശ്ശബ്ദതയുടെ ശബ്ദമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ -അഡ്വ. ഫാത്തിമ തഹ്ലിയ
text_fieldsറിയാദ്: കേരളത്തിലെ ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ തേജസ്സാർന്ന നേതൃത്വമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് അഡ്വ. ഫാത്തിമ തഹ്ലിയ. റിയാദ് കെ.പി.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. നിശ്ശബ്ദതയുടെ ശബ്ദമായിരുന്നു അദ്ദേഹമെന്നും ശാന്തമായ പെരുമാറ്റത്തിലൂടെ ജനഹൃദയങ്ങൾ കീഴടക്കാൻ അദ്ദേഹത്തിനായെന്നും ഫാത്തിമ തഹ്ലിയ പറഞ്ഞു.
പ്രയാസപ്പെടുന്നവരുടെ ആശ്രയവും പ്രതീക്ഷയുമായി അദ്ദേഹം നിലനിന്നു. കേരളത്തിൽ സാമുദായിക സൗഹാർദം നിലനിർത്തുന്നതിനും മുസ്ലിം സമുദായത്തിനിടയിലെ ഐക്യത്തിനും വേണ്ടി അദ്ദേഹം ശക്തമായി നിലകൊണ്ടു. മുസ്ലിം ലീഗിന്റെ ചരിത്രപരമായ മുന്നേറ്റത്തിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണെന്നും തഹ്ലിയ ചൂണ്ടിക്കാട്ടി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. റിയാദ് കെ.പി.സി.സി വനിത വിങ് പ്രസിഡന്റ് റഹ്മത്ത് അഷ്റഫ് ഉദ്ഘാടനം ചെയ്തു. യു.പി. മുസ്തഫ, ജലീൽ തിരൂർ, മുജീബ് ഉപ്പട, ജസീല മൂസ, അബ്ദുൽ മജീദ് പയ്യന്നൂർ, മാമുക്കോയ ഒറ്റപ്പാലം എന്നിവർ സംസാരിച്ചു. കെ.ടി. അബൂബക്കർ ആമുഖ പ്രഭാഷണം നടത്തി.
ബാലുശ്ശേരി മണ്ഡലത്തിലെ കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഫണ്ട് ഫാത്തിമ തഹ്ലിയ ബാലുശ്ശേരി മണ്ഡലം ഭാരവാഹികൾക്ക് കൈമാറി. ഷംസു പെരുമ്പട്ട സ്വാഗതവും അബ്ദുറഹ്മാൻ ഫറോക്ക് നന്ദിയും പറഞ്ഞു. ഹാഷിഫ് ചെറുവണ്ണൂർ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.