റിയാദിൽ ഹൈഡ്രജൻ ട്രെയിനിെൻറ പരീക്ഷണയാത്ര തുടരുന്നു
text_fieldsജിദ്ദ: സൗദി റെയിൽവേയുടെ (എസ്.എ.ആർ) ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം റിയാദിൽ തുടരുന്നു. ഉടനെ സർവിസ് ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിന്റെ മുന്നോടിയായാണ് പരിസ്ഥിതിക്കും അന്തരീക്ഷത്തിനും അനുയോജ്യമായ ഹൈഡ്രജൻ ട്രെയിനിലെ പരീക്ഷണം നടക്കുന്നത്. ഒക്ടോബറിലാണ് പരീക്ഷണ ഓട്ടം ആരംഭിച്ചത്. സൗദി പൊതുഗതാഗത അതോറിറ്റി നൽകിയ ട്രയൽ ഓപറേറ്റിങ് ലൈസൻസിലാണ് ഹൈഡ്രജൻ ട്രെയിൻ ഓടുന്നത്. രാജ്യത്തിന്റെ ലോജിസ്റ്റിക് സ്ഥാനത്തെ പിന്തുണക്കുന്ന പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകൾ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹൈഡ്രജൻ ട്രെയിൻ പരീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റിലും ഉത്തരാഫ്രിക്കയിലും ഇത്തരത്തിലുള്ള ആദ്യത്തേതാണ്.
പരീക്ഷണ ഓട്ടത്തിനിടയിൽ ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രിയും സൗദി റെയിൽവേ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് ബിൻ നാസർ അൽജാസർ യാത്രക്കാരനായി. സൗദി റെയിൽവേ സി.ഇ.ഒ ഡോ. ബശ്ശാർ ബിൻ ഖാലിദ് അൽമാലിക്കിനൊപ്പമാണ് മന്ത്രി ട്രെയിനിൽ യാത്ര ചെയ്തത്. റിയാദിലെ ശർഖ് റെയിൽവേ സ്റ്റേഷനിൽനിന്ന് ആരംഭിച്ച പരീക്ഷണ യാത്രകളിലൊന്നിൽ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു. ഗതാഗത-ലോജിസ്റ്റിക്സ് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രവുമായി ബന്ധപ്പെട്ട ഗുണപരമായ സംരംഭങ്ങൾ നടപ്പാക്കുന്നതിൽ റെയിൽവേയുടെ ശ്രമമാണിതെന്നും ആധുനിക സ്മാർട്ട് സാങ്കേതികവിദ്യകളും ശുദ്ധമായ ഊർജവും സ്വീകരിക്കുന്ന, കൂടുതൽ സുസ്ഥിര ഗതാഗത സംവിധാനങ്ങളുടെ പ്രായോഗിക പരീക്ഷണങ്ങളെന്നും ഗതാഗത മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിന്റെ തുടക്കത്തിലാണ് ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോമുമായി ഹൈഡ്രജൻ ട്രെയിൻ പരീക്ഷണങ്ങൾക്കായുള്ള കരാർ ഒപ്പിട്ടത്. സുസ്ഥിര ഗതാഗതവും ശുദ്ധ ഊർജ സാങ്കേതികവിദ്യയിൽ നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നൂതനമായ ചുവടുവെപ്പാണിതെന്നും മന്ത്രി പറഞ്ഞു. ഭാവിയിൽ ഹൈഡ്രജൻ ട്രെയിൻ സജീവമാക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന റഫറൻസ് ഈ പരീക്ഷണത്തിന്റെ ഫലങ്ങൾ പ്രതിനിധാനംചെയ്യുമെന്ന് റെയിൽവേ സി.ഇ.ഒ വിശദീകരിച്ചു.
ഈ പരീക്ഷണങ്ങളുടെ ലക്ഷ്യം വിഷൻ ലക്ഷ്യങ്ങൾക്കനുസൃതമായി ഗ്രീൻ സൗദി അറേബ്യ സംരംഭത്തിന്റെയും ദേശീയ ഗതാഗത-ലോജിസ്റ്റിക് സേവന തന്ത്രങ്ങളുടെയും ലക്ഷ്യം കൈവരിക്കുക എന്നതാണെന്ന് എസ്.എ.ആർ പ്ലാനിങ് ഡയറക്ടർ ജനറൽ അഷ്റഫ് അൽ ജാബ്രി പറഞ്ഞു. ഗതാഗത മേഖലയിൽ ഇന്ധനത്തിന് ശുദ്ധമായ ബദലുകൾ കണ്ടെത്തുന്നതിനാണിത്.
സൗദിയിലെ പരിസ്ഥിതി യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമാണ്. തണുത്ത കാലാവസ്ഥയാണ് അവിടെ. ഈ പരീക്ഷണത്തിലൂടെ സൗദിയിലെ മരുഭൂമിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ ഞങ്ങൾ ശ്രമിക്കുന്നു. പൂജ്യം കാർബൺ ബഹിർഗമനമാണ് ഹൈഡ്രജൻ ട്രെയിനിെൻറ സവിശേഷത. അതിനാൽ അന്തരീക്ഷ മലിനീകരണം ഇല്ലാതാകും. ഇലക്ട്രിക് ട്രെയിനിൽനിന്ന് വ്യത്യസ്തമായി പരിസ്ഥിതി സൗഹൃദവുമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.