എന്‍റെ രണ്ടാം വീട്ടിലേക്കുള്ള തിരിച്ചുവരവായി എനിക്ക് തോന്നുന്നു -സൗദിയിലെ ഇന്ത്യൻ അംബാസഡർ
text_fieldsറിയാദ്: ഇത് എന്‍റെ രണ്ടാം വീട്ടിലേക്കുള്ള തിരിച്ചുവരവായി എനിക്ക് തോന്നുന്നതായി സൗദി അറേബ്യയിൽ പുതുതായി ചുമതലയേറ്റ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. മുറബ്ബ റിയാദ് അവന്യൂ മാളിലെ ലുലു ഹൈപർമാർക്കറ്റ് ശാഖയിൽ ‘ഇന്ത്യ ഉത്സവ്’ ഷോപ്പിങ് മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ സത്തയെ ലോകമാകെ എത്തിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ലുലു ഗ്രൂപ്പ് വഹിക്കുന്ന പങ്കിനെ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ പ്രശംസിച്ചു. ഇന്ത്യയും സൗദിയും തമ്മിലുള്ള വാണിജ്യ, സാംസ്കാരിക ബന്ധങ്ങളുടെ പ്രോത്സാഹനത്തിന് ലുലു ഗ്രൂപ്പ് വളരെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതെല്ലാം ഇന്ത്യക്കും അതുപോലെ സൗദി അറേബ്യക്കും അഭിമാനവും ആദരവും ഉളവാക്കുന്നതാണ്. മാത്രമല്ല ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മളവും സൗഹൃദപരവുമായ ബന്ധത്തിന് അടിവരയിടുന്നതാണെന്നും അംബാസഡർ പറഞ്ഞു.
സൗദി അറേബ്യയിൽ ലുലു ഗ്രൂപ്പ് നിരവധി ദീർഘവീക്ഷണമുള്ള വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുകയും ഇന്ത്യക്കാർക്കും സൗദി പൗരന്മാർക്കുമായി ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ഭാസുരമായ ഭാവിക്ക് വേണ്ടി എല്ലാത്തരത്തിലും കാര്യമായ റോൾ വഹിക്കാൻ ഗ്രൂപ്പിന് ആവുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷെഹീം മുഹമ്മദ് അംബാസഡറെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു.
ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിെൻറ ഭാഗമായി, സൗദി അറേബ്യയുമായുള്ള ഇന്ത്യൻ വാണിജ്യബന്ധത്തിന്റെ ആഘോഷവും ഇന്ത്യയുടെ പ്രചുരപ്രചാരം നേടിയ ഭക്ഷ്യവിഭവങ്ങളുടെ മേളയുമായി രാജ്യത്തുടനീളമുള്ള ശാഖകളിൽ ലുലു ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഷോപ്പിങ് മേളയാണ് ‘ഇന്ത്യൻ ഉത്സവ്’.
ജനുവരി 30 വരെ തുടരുന്ന മേളയിൽ ഓരോ ശാഖയിലും 12,700 ഇന്ത്യൻ ഉൽപന്നങ്ങൾ വീതം അണിനിരത്തിയിട്ടുണ്ട്. ഏറ്റവും പ്രചാരമുള്ള വളരെ വേഗത്തിൽ വിറ്റഴിയുന്ന വിവിധ തരം ഉൽപന്നങ്ങൾ, ലുലുവിടെ സ്വന്തം ലേബലിലുള്ള ഉൽപന്നങ്ങൾ, ഇന്ത്യൻ പച്ചക്കറികളും പഴവർഗങ്ങളും മറ്റ് ഗാർഹിക ഉൽപന്നങ്ങളും വസ്ത്രങ്ങളും തുടങ്ങിയവയാണ് ഉപഭോക്താക്കൾക്കായി ലുലു ഇന്ത്യയിൽനിന്ന് എത്തിച്ചിരിക്കുന്നത്. അതുപോലെ അതത് സ്റ്റോറുകളിൽ തന്നെ തയാറാക്കിയ ചൂടാറാത്ത ഭക്ഷണ വിഭവങ്ങൾ ഈ മേളയുടെ മുഴുവൻ ദിവസങ്ങളിലും ലഭിക്കും.
ബിരിയാണി മുതൽ വിവിധ തരം കറികൾ വരെ ഇങ്ങനെ ലഭ്യമാണ്. ഒപ്പം വളരെ പ്രചാരമുള്ള സ്ട്രീറ്റ് ഭക്ഷ്യവിഭവങ്ങൾ, പാരമ്പര്യ മധുരപലഹാരങ്ങൾ, അതുപോലെ മറ്റനേകം രുചികരമായ വിഭവങ്ങൾ എന്നിവയെല്ലാം മേളയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഈ കാലയളവിൽ എല്ലാ ഇന്ത്യൻ ഉൽപന്നങ്ങളിലും സൂപ്പർ ഡീലുകൾ ഉൾപ്പടെ വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ലുലു ഹൈപർമാർക്കറ്റുകളിലും ഓൺലൈൻ സ്റ്റോറിലും (www.luluhypermarket.com) മൊബൈൽ ആപ്പിലും മേളയുടെ ആനുകൂല്യങ്ങളോടെ ഷോപ്പിങ് നടത്താമെന്ന് അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യ-ഗൾഫ് വ്യാപാര രംഗത്ത് മുൻനിരക്കാരായ ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ 2022ൽ 1.85 കോടി യു.എസ് ഡോളറിെൻറ ഇന്ത്യൻ ഉൽപന്നങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചെന്ന് ലുലു സൗദി ഹൈപർമാർക്കറ്റ്സ് ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. ഇതിൽ സൗദിയിലെ ലുലു ഹൈപർമാർക്കറ്റുകളിലേക്ക് മാത്രമായി 5.8 കോടി ഡോളറിന്‍റെ ഇന്ത്യൻ ഉൽപന്നങ്ങൾ എത്തിയിട്ടുണ്ട്. ഉൽപന്നങ്ങളുടെ വൈവിധ്യവും വൈപുല്യവും ഗുണനിലാരവുമായി ‘ഇന്ത്യ ഉത്സവി’ൽ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യാൻ തങ്ങൾ ഒരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.