ഐ.സി.എഫ് റിയാദ് മെഡിക്കൽ ക്യാമ്പ്
text_fieldsറിയാദ്: മാസങ്ങളായി തൊഴിലും ശമ്പളവും ലഭിക്കാതെ കഷ്ടപ്പെടുന്ന തൊഴിലാളികളുടെ ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും നടത്തി. ഐ.സി.എഫ് റിയാദ് ഘടകത്തിന്റെ സാന്ത്വന വിഭാഗമാണ് റിയാദ് ദാറുൽ ഉബൈദയിലുള്ള ഷംസാൻ ക്യാമ്പിലെ നൂറോളം വരുന്ന തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.
തൊഴിലാളികളിൽ പലരുടെയും ആരോഗ്യസ്ഥിതി വളരെ മോശമായ അവസ്ഥയിലാണെന്ന് ക്യാമ്പിന് നേതൃത്വം നൽകിയ ഡോ. ഹമീദ് പറഞ്ഞു. ഉയർന്ന തോതിൽ പ്രമേഹവും രക്തസമ്മർദവും ഉള്ള പലരും മാനസികമായി തളർന്നതുമൂലം മറ്റു പല രോഗങ്ങളും പെട്ടെന്ന് പിടിപെടുന്ന അവസ്ഥയാണുള്ളത്. കുറെ മാസങ്ങൾക്കുമുമ്പാണ് ഷംസാൻ ക്യാമ്പിലുള്ള തൊഴിലാളികളുടെ ദുരിതാവസ്ഥ ഐ.സി.എഫിന്റെ ശ്രദ്ധയിൽ വരുന്നത്. വിവരമറിഞ്ഞ ഉടനെത്തന്നെ അവശ്യസേവനങ്ങളൊരുക്കി സഹായിക്കാൻ രംഗത്തിറങ്ങിയിരുന്നു. റമദാനിൽ പല ദിവസങ്ങളിലായി ഇഫ്‌താർ സൗകര്യവും ഒരുക്കി.
തൊഴിലാളികളിൽ അധികവും 50ന് മുകളിൽ പ്രായമുള്ളവരും ജീവിതശൈലി രോഗമുള്ളവരും ആയതിനാൽ അവർക്ക് ആവശ്യമായ ചികിത്സയും മരുന്നുകളും എത്തിച്ചുനൽകണമെന്ന് ഇവർ ആവശ്യപ്പെട്ടതു പ്രകാരമാണ് അൽഅബീർ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് ഒരുക്കിയത്. ഇഖാമ പുതുക്കിയിട്ടില്ലാത്തതിനാൽ ഇൻഷുറൻസ് പരിരക്ഷണവും ഉണ്ടായിരുന്നില്ല. ഐ.സി.എഫ് സാന്ത്വനം ഫണ്ടിൽ നിന്നാണ് ആവശ്യമായ മരുന്നുകൾ വാങ്ങിയത്.
ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, സേവനം വിഭാഗം പ്രസിഡന്റ് ഇബ്രാഹീം കരീം, സെക്രട്ടറി ജബ്ബാർ കുനിയിൽ, സെൻട്രൽ പ്രൊവിൻസ് സംഘടനാകാര്യ സെക്രട്ടറി അഷ്‌റഫ് ഓച്ചിറ, അഡ്മിൻ സെക്രട്ടറി അബ്ദുൽ സലാം പമ്പുരുത്തി, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഹസൈനാർ മുസ്‍ലിയാർ, അബ്ദുൽ ലത്തീഫ് മിസ്ബാഹി, അബ്ദുൽ കാദർ പള്ളിപറമ്പ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സഫ്‌വ ടീം അംഗങ്ങളായ ഷൗക്കത്ത് അലി വേങ്ങര, മുഹമ്മദ് മുതുവല്ലൂർ, സൈഫുദ്ദീൻ, സൈതലവി ഒറ്റപ്പാലം, അബ്ദുസലാം തേവലക്കര, ഹുസൈൻ, മുഹ്സിൻ അൽ ജാമിഈ, മൻസൂർ പാലത്ത്, ഉമർ ഹാജി തെന്നല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.