ഐ.സി.എഫ് 'റിയാദോർമ' സംഗമം സംഘടിപ്പിച്ചു
text_fieldsറിയാദ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ റിയാദോർമ സംഘടിപ്പിച്ചു.
റിയാദിൽ നിന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ഐ.സി.എഫ് പ്രവർത്തകർക്കായി, 'പ്രവാസത്തിന്റെ സ്നേഹസന്തോഷങ്ങൾ' എന്ന പേരിൽ സംഘടിപ്പിച്ച 'റിയാദോർമ'യിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. മൂന്നര പതിറ്റാണ്ടിലധികം പഴക്കം വന്ന സംഘടനാസംവിധാനത്തിലും അതിനു മുമ്പും ആദർശപ്രചാരണത്തിന് മുന്നിട്ടുനിന്നവരുടെ നേരനുഭവങ്ങൾ പങ്കിട്ട സദസ്സ്, വേറിട്ട അനുഭൂതിയായെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഇബ്രാഹീം ബാഫഖി തങ്ങളുടെ പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്. ഐ.സി.എഫ് സൗദി നാഷനൽ പ്രസിഡന്റ് ഹബീബ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ പ്രസിഡന്റ് യൂസുഫ് സഖാഫി അധ്യക്ഷത വഹിച്ചു. മർകസ് നോളജ് സിറ്റിയിലെ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ഇൻ അഡ്വാൻസ്ഡ് സയൻസ് (വിറാസ്) അക്കാദമിക് ഡയറക്ടർ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി ഉദ്ബോധനം നടത്തി. മരിച്ച മുൻകാല പ്രവർത്തകരെ അനുസ്മരിക്കുന്ന 'നമ്മോട് വിടപറഞ്ഞവർ' എന്ന സെഷന് മുൻ പ്രബോധകൻ അബ്ദുൽ റഊഫ് സഖാഫി സി.കെ നഗർ നേതൃത്വം നൽകി. റിയാദിലെ വർത്തമാനകാല ചലനങ്ങളെക്കുറിച്ചുള്ള പവർ പോയന്റ് പ്രസന്റേഷൻ സെൻട്രൽ ദഅവ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി നടത്തി.
ഐ.സി.എഫ് സൗദി ദേശീയ സമിതി സംഘടിപ്പിച്ച ഖുർആൻ ലൈവ് ക്വിസ് നാഷനൽ തല വിജയി അബ്ദുറഹ്മാൻ കബ്ലക്കാടിനുള്ള പ്രശംസാഫലകം ഹബീബ് കോയ തങ്ങൾ കൈമാറി. റിയാദിൽ സംഘടന രൂപവത്കരണ പശ്ചാത്തലവും അക്കാലത്തെ പ്രതിസന്ധികളും വിവരിച്ചു. 'പഴയകാല ഓർമകൾ' എന്ന സെഷന് ടി.എസ്.എ. തങ്ങൾ തുടക്കമിട്ടു. അസീസ് മുസ്ലിയാർ ആലപ്പുഴ, എ.കെ.സി. മുഹമ്മദ് ഫൈസി, നാസർ സഖാഫി കരീറ്റിപ്പറമ്പ്, കോയ ഹാജി കോടമ്പുഴ, പി.സി. മുഹമ്മദലി മുസ്ലിയാർ, നാസർ സഖാഫി വയനാട്, മുഹമ്മദലി ബാഖവി, കുഞ്ഞബ്ദുല്ല പേരാമ്പ്ര, ബഷീർ ബാഖവി എന്നിവർ അനുഭവങ്ങൾ പങ്കിട്ടു.
അബൂബക്കർ അൻവരി (ഫിനാൻസ് സെക്രട്ടറി, ഐ.സി.എഫ് സൗദി നാഷനൽ), ഉമർ പന്നിയൂർ (സെക്രട്ടറി, ഐ.സി.എഫ് സെൻട്രൽ പ്രൊവിൻസ്) ഡോ. അബ്ദുൽ സലാം മുഹമ്മദ് (സി.ഇ.ഒ, മർകസ് നോളജ് സിറ്റി) എന്നിവർ സംസാരിച്ചു. പ്രവാസി പുനരധിവാസത്തിന്റെ ഭാഗമായി ഐ.സി.എഫ് റിയാദ് സെൻട്രൽ നടപ്പാക്കുന്ന ജീവിതോപാധി പദ്ധതിപ്രഖ്യാപനവും വിതരണവും മുൻ പ്രവാസി ഹംസ തെന്നലക്ക് നൽകി ഇബ്രാഹീം ബാഫഖി തങ്ങൾ നിർവഹിച്ചു. ഷാഫി തെന്നല സ്വാഗതവും കാസിം പേരാമ്പ്ര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.