സി.എ.എയിലൂടെ ഭിന്നിച്ച് ഭരിക്കുന്നവരെ തിരിച്ചറിയുക -ഐ.സി.എസ്
text_fieldsറിയാദ്: വർഗീയ ചേരിതിരിവ് വർധിപ്പിക്കുന്നതിനും മുസ്ലിംവിരുദ്ധ വികാരങ്ങൾ രാഷ്ട്രീയ നേട്ടത്തിനായി മുതലെടുക്കുന്നതിനുമുള്ള ബി.ജെ.പി-ആർ.എസ്.എസ് കൂട്ടരുടെ ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമായി സി.എ.എ നടപ്പാക്കാനുള്ള തീരുമാനത്തെ സമസ്ത ഇസ്ലാമിക് കൾചറൽ സെൻറർ (ഐ.സി.എസ്) സൗദി നാഷനൽ കമ്മിറ്റി ശക്തമായി അപലപിച്ചു. നമ്മുടെ രാജ്യത്തിന്റെ മതേതര ഘടനയെയും സാമൂഹിക ഐക്യത്തിന്റെ പാരമ്പര്യത്തെയും നീക്കം അപകടപ്പെടുത്തും. ഈ വിഭജനയജണ്ട അവസാനിപ്പിച്ച് ഭരണഘടന വിഭാവനം ചെയ്യുന്ന മത-വർഗ-വർണ ഭേദമെന്യേ എല്ലാവരുടെയും ഐക്യത്തിന്റെയും സമത്വത്തിന്റെയും തത്ത്വങ്ങളിലേക്ക് മടങ്ങാൻ ഭരണകൂടം തയാറാകണം. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുന്ന സി.എ.എ പ്രതിഷേധ പാർട്ടികൾക്ക് വേണ്ട എല്ലാ പിന്തുണയും സഹായ സഹകരണവും ഐ.സി.എസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും റിയാദിൽ ചേർന്ന പ്രതിഷേധയോഗം ഉറപ്പുനൽകി.
നാഷനൽ കമ്മിറ്റി പ്രസിഡൻറ് ഹസീബ് ജമലുല്ലൈലി തങ്ങൾ അധ്യക്ഷത വഹിച്ചു. പ്രതിഷേധ നൈറ്റ് സക്കീർ ഹുസൈൻ വണ്ടൂർ ഉദ്ഘാടനം ചെയ്തു. ഭരണഘടന വിഭാവനംചെയ്യുന്ന ബഹുസ്വരതയെ തകർക്കുന്ന ഇത്തരം കരിനിയമങ്ങൾ ഇന്ത്യ മഹാരാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ഇന്ത്യൻ ഭരണഘടന പൗരന് നൽകുന്ന അവകാശത്തിന്മേലുള്ള കടന്നുകയറ്റമായാണ് ഈ നിയമത്തെ മനസ്സിലാക്കുന്നതെന്നും ഭാവിയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ പോലെ ഇന്ത്യൻ മുസ്ലിംകളെയും വംശഹത്യയിലേക്ക് നയിക്കുന്നതിന് വേണ്ടിയാണോ ഇത്തരം നിയമങ്ങൾ നടപ്പാക്കാൻ കേന്ദ്രം ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നൗഫൽ കല്ലാച്ചി, നൗഷാദ് ആക്കപ്പറമ്പിൽ, ബാസിത് മഞ്ചേരി, അഷ്റഫ് ബാഹസൻ തങ്ങൾ, അബ്ദുറഹ്മാൻ നാലകത്ത്, അശ്റഫ് വഹബി കുനിപ്പാല, റിംഷാദ് വഹബി, സദ്ദാം ഹുസൈൻ ലക്ഷദ്വീപ്, അസ്കർ തൃക്കുളം, സിറാജ് കോടാലിപ്പൊയിൽ, ജംഷീദ് നടുവത്ത് തുടങ്ങിയവർ സംസാരിച്ചു. പാർലമെൻറ് തെരഞ്ഞെടുപ്പിൽ വർഗീയ ഫാഷിസ്റ്റ് ബി.ജെ.പി ഭരണകൂടത്തെ താഴെയിറക്കാൻ ഒത്തൊരുമിച്ച് വിയോജിപ്പുകൾ മറന്ന് ജാഗ്രതയോടെ നമ്മുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും യോഗം ആഹ്വാനംചെയ്തു. ഇദ്രീസ് ബാഹസൻ തങ്ങൾ സ്വാഗതവും ജാബിർ വഹബി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.