സൗദിയിൽ അഴിമതി നടത്തി വിദേശത്തേക്ക് മുങ്ങിയാലും കുടുങ്ങും
text_fieldsറിയാദ്: ഇനി സൗദി അറേബ്യയിൽനിന്ന് അഴിമതി നടത്തി വിദേശത്തേക്കു മുങ്ങിയാലും കുടുങ്ങും. സൗദി അഴിമതിവിരുദ്ധ സമിതി ‘നസഹ’യും ഇൻറർപോളും ഈ രംഗത്ത് കൈകോർക്കുന്നു. അഴിമതി നടത്തി വിദേശങ്ങളിലേക്കു മുങ്ങുന്ന കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കുന്നതിനും കേസുകളുമായി ബന്ധപ്പെട്ട പണവും സ്വത്തുക്കളും വീണ്ടെടുക്കുന്നതിനും ഇരു ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കും.
നസഹ പ്രസിഡൻറ് മാസിൻ ബിൻ ഇബ്രാഹീം അൽഖമൂസ് ഫ്രാൻസിലെ ഇൻറർപോൾ ആസ്ഥാനം സന്ദർശിച്ചാണ് പരസ്പര സഹകരണത്തിന് ധാരണയിലെത്തിയത്. ഇന്റർപോൾ സെക്രട്ടറി ജനറൽ ജർഗൻ സ്റ്റോക്കും മറ്റു മുതിർന്ന നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അഴിമതിയും അതിർത്തികടന്നുള്ള കുറ്റകൃത്യങ്ങളും തടയുന്നതിനാണ് ഈ ഏജൻസികൾ തമ്മിൽ സഹകരിക്കുക.അഴിമതി കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള വെല്ലുവിളികൾ, പ്രാദേശിക അന്തർദേശീയ ചട്ടകൂടുകൾക്കും കരാറുകൾക്കും ഉള്ളിൽ നിന്നുകൊണ്ടുള്ള അന്താരാഷ്ട്ര സംഘടനകളുമായുള്ള സഹകരണം എന്നിവ പരസ്പര കൂടിക്കാഴ്ചയിൽ ചർച്ചയായി.
അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള സഹകരണം, അഴിമതിക്കേസുകളിൽ വിദേശങ്ങളിലേക്ക് കടത്തുന്ന ഫണ്ടുകളും സ്വത്തുക്കളും വീണ്ടെടുക്കൽ, പ്രതികളെ കോടതിക്കു മുമ്പാകെ കൊണ്ടുവരുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനുമുള്ള സഹകരണം എന്നിവ ഇരു ഏജൻസികൾക്കുമിടയിൽ ഉറപ്പാക്കും. നസഹയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് കഴിഞ്ഞ ദിവസം വിയനയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനം പ്രമേയം അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.