വ്യാജ സ്വർണം വിറ്റാൽ രണ്ടു വർഷം തടവും നാലു ലക്ഷം റിയാൽ പിഴയും
text_fieldsഅൽ ഖോബാർ: സ്വർണ വിൽപനയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ നിയമപ്രകാരമുള്ള പിഴയും തടവും അനുഭവിക്കേണ്ടിവരുമെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വിലയേറിയ ലോഹങ്ങളുടെയും രത്നങ്ങളുടെയും വ്യാജ വിൽപന നടത്തുന്നവർക്ക് രണ്ടു വർഷത്തിൽ കൂടാത്ത തടവോ നാലു ലക്ഷം റിയാൽ പിഴയോ രണ്ടുംകൂടിയോ ലഭിക്കും. നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയത്തിലെ സൂപ്പർവൈസറി ടീമുകൾ സ്വർണവിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്.
സംഘങ്ങൾ വിലയേറിയ ലോഹങ്ങളുടെയും കല്ലുകളുടെയും സാമ്പിളുകൾ ശേഖരിച്ച് സൗദി സ്റ്റാൻഡേഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷന്റെ (സാസോ) ലബോറട്ടറികളിൽ അയച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന കടകൾ കണ്ടെത്തുകയും ഇൻവോയ്സിൽ ആവശ്യമായ എല്ലാ ഡേറ്റയും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും സ്വർണത്തിന്റെ പരിശുദ്ധിയുടെ അളവ് ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഹജ്ജ് സീസണിൽ സ്വർണവിൽപനയിൽ ഗണ്യമായ വർധനയുണ്ടായി. ഹാജിമാർ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുമ്പോൾ സ്വർണം വാങ്ങാൻ ധാരാളമായി എത്തുന്നുണ്ട്. മാല, മോതിരം, വളകൾ എന്നിവ വാങ്ങുന്ന തീർഥാടകർക്കിടയിൽ 21 കാരറ്റ് സ്വർണത്തിനാണ് പ്രിയം. ഇത്തവണ ഹജ്ജ് സീസണിൽ മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ തീർഥാടകർ അഞ്ചു ലക്ഷം മുതൽ എട്ടുലക്ഷം റിയാൽ വരെ സ്വർണം വാങ്ങുന്നതിന് ചെലവിട്ടതായി കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.