റമദാൻ നിലാവ്: ഹറം മുറ്റങ്ങളിൽ ഇഫ്താർ ഒത്തുചേരൽ തിരിച്ചെത്തി
text_fieldsജിദ്ദ: രണ്ടുവർഷത്തെ ഇടവേളക്കുശേഷം ഹറം മുറ്റങ്ങളിൽ ഇഫ്താർ സുപ്രകൾ തിരിച്ചെത്തി. റമദാനിന്റെ ആദ്യദിവസം ശനിയാഴ്ച ഇരുഹറമുകളിലൊരുക്കിയ ഇഫ്താർ സുപ്രകളിലെ വിഭവങ്ങൾ കഴിച്ച് പതിനായിരങ്ങളാണ് നോമ്പ് തുറന്നത്. കോവിഡിനെ തുടർന്ന് ഇരുഹറമുകളിലേക്കും പ്രവേശനത്തിനു നിയന്ത്രണമേർപ്പെടുത്തിയതോടൊപ്പം ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് കഴിഞ്ഞ രണ്ടുവർഷമായി റമദാനിൽ ഹറമുകളിൽ ഇഫ്താർ സുപ്രകളുണ്ടായിരുന്നില്ല.
നിയന്ത്രണം നീക്കിയതോടെയാണ് വർഷങ്ങളായി തുടർന്നിരുന്ന ഇഫ്താർ സുപ്രകൾ ഹറം മുറ്റങ്ങളിൽ തിരിച്ചെത്തിയത്. ഇഫ്താർ നൽകുന്നവർക്ക് കർശന വ്യവസ്ഥയാണ് ഇരുഹറം കാര്യാലയം നിശ്ചയിച്ചത്. നിരവധി കുടുംബങ്ങളും സ്ഥാപനങ്ങളുമാണ് ഓരോ വർഷവും ഇഫ്താർ നൽകാറ്. ഇഫ്താർ ഒരുക്കാൻ 2000 അനുമതിപ്പത്രം ഇതിനകം നൽകി. മക്ക ഹറമിൽ ആദ്യ ഇഫ്താർ ദിനം 20 ടൺ ഈത്തപ്പഴം വിതരണം ചെയ്തു.
ഹറം മുറ്റത്ത് ഇഫ്താർ സുപ്രക്കിരുവശവും ദേശ, ഭാഷ, വർണ വ്യത്യാസമില്ലാതെ തോളോടുതോൾ ചേർന്നിരുന്നു നോമ്പുതുറക്കുന്ന കാഴ്ച സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ്. റെക്കോഡ് വേഗത്തിലാണ് ഹറമിനകത്തും മുറ്റങ്ങളിലും ഇഫ്താർ വിഭവങ്ങളായ ഈത്തപ്പഴവും സംസം വെള്ളവുമൊക്കെ വിതരണം ചെയ്യുന്നത്. ഹറം കാര്യാലയത്തിനു കീഴിലെ ജോലിക്കാർക്ക് പുറമെ നൂറുകണക്കിന് സന്നദ്ധ പ്രവർത്തകരും ഇതിനായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.